ചരിത്രമുറങ്ങുന്ന കുന്നംകുളത്തിന്റെ മണ്ണിൽ ഇനി കലാമേളയുടെ രാപകലുകൾ. മുപ്പത്തഞ്ചാമത് റവന്യൂ ജില്ലാ കലോത്സവത്തിന് കുന്നംകുളത്ത് സജ്ജമാക്കിയ വിവിധ വേദികളിൽ തുടക്കമായി. കുന്നംകുളം ടൗൺഹാൾ ഒന്നാം വേദിയായി കൊണ്ട് 17 വേദികളിലാണ് മത്സരങ്ങൾ നടക്കുന്നത്. ജില്ലയിലെ 12 ഉപജില്ലകളിൽ നിന്നായി എണ്ണായിരത്തോളം പേർ വിവിധ ഇനങ്ങളിൽ മാറ്റുരയ്ക്കും. നഗരത്തിലെ വിവിധ വിദ്യാലയങ്ങൾക്ക് പുറമേ ടൗൺഹാൾ, സി.വി.സ്‌മാരക ഹാൾ, സീനിയർ ഗ്രൗണ്ട് സ്റ്റേഡിയം എന്നിവിടങ്ങിലും മത്സരങ്ങളുണ്ട്. കലാമേളയുടെ ആദ്യദിനമായ ചൊവ്വാഴ്ച രചന മത്സരങ്ങൾക്ക് പുറമേ ജനപ്രിയ ഇനങ്ങളായ മോണോ ആക്‌ട്, നാടകം, കോൽക്കളി, ഒപ്പന, വട്ടപ്പാട്ട്, നാടോടി നൃത്തം, ഗ്രൂപ്പ് ഡാൻസ്, ഭരതനാട്യം, കുച്ചിപ്പുടി തുടങ്ങിയ മത്സരങ്ങളും നടക്കും. വൈകീട്ട് സ്വർണ്ണകപ്പുമായുള്ള ഘോഷയാത്ര തൃശ്ശൂരിൽ നിന്ന് കുന്നംകുളത്തെത്തും. ബുധനാഴ്ച മത്സരങ്ങളില്ല. വ്യാഴാഴ്ച രാവിലെ 9.30ന് മുൻസിപ്പൽ ടൗൺഹാളിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു കലാമേള ഔപചാരികമായി ഉദ്ഘാടനം ചെയ്യും. കവി റഫീഖ് അഹമ്മദ്, ജില്ല കളക്ടർ അർജ്ജുൻ പാണ്ഡ്യൻ തുടങ്ങിയവർ സംബന്ധിക്കും.