കേരളത്തില്‍ നിന്നാദ്യമായി ചാരം ജർമ്മനിയിലേക്ക് എക്സ്‌പോർട്ട് ചെയ്യുന്നു

വടക്കഞ്ചേരി: സംസ്ഥാന ചരിത്രത്തിലാദ്യമായി കേരളം ചാരം കയറ്റുമതി ചെയ്യുന്നു.

അതും ജർമ്മനിയിലേക്ക്. കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നുമെങ്കിലും ഒടുവില്‍ ചാരവും വിദേശനാണ്യം നേടുന്ന പട്ടികയില്‍ ഇടംപിടിച്ചിരിക്കുകയാണ്. വടക്കഞ്ചേരി ജയഭാരത് റൈസ് മില്ലില്‍ നിന്നാണ് ഇന്നലെ ഒരു കണ്ടെയ്‌ന‌ർ ചാരം ലോഡ് കയറ്റിയത്. 600 ചാക്കിലായി 28 ടണ്‍ ചാരം ഇന്നലെ തന്നെ കൊച്ചി ഹാർബറിലെത്തിച്ചു. ക്ലിയറൻസിന് ശേഷം ഇത് ജർമ്മനിയിലേക്ക് കൊണ്ടുപോകും. ഗുജറാത്ത് ആസ്ഥാനമായുള്ള റാം കൃപ ഇന്റർനാഷണല്‍ ഏജൻസിയാണ് ചാരം കയറ്റുമതി ചെയ്യുന്നത്. കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളില്‍ നിന്നായി ആഴ്ചയില്‍ പത്ത് കണ്ടെയ്നർ ചാരം ഇവർ സ്ഥിരമായി കയറ്റി അയക്കുന്നുണ്ട്. കേരളത്തില്‍ ആദ്യ ലോഡ് വടക്കഞ്ചേരിയില്‍ നിന്നാണ്. കേരളത്തിലെ സാധ്യത മനസിലാക്കിയാണ് സംസ്ഥാന ചുമതലയുള്ള കമ്ബനി മനേജർ മാവേലിക്കര സ്വദേശി അശോക് കുമാർ ജയഭാരത് മില്ലുടമ ഖനിയുമായി ധാരണയിലെത്തിയത്.


ആഴ്ചയില്‍ ഒരു ലോഡ് വീതം

റൈസ് മില്ലുകള്‍ ധാരാളമുള്ള പാലക്കാട് ജില്ലയില്‍ നിന്ന് മുടങ്ങാതെ ലോഡ് ലഭിക്കുമെന്ന് കമ്പനി കരുതുന്നു. നെല്ല് കുത്തിക്കഴിഞ്ഞാല്‍ പുറത്ത് വരുന്നത് കറുത്ത നിറത്തിലുള്ള ചാരമാണ്. ഇത് ഒരാഴ്ച്ചയോളം ഗോഡൗണില്‍ സൂക്ഷിച്ച്‌ വെളുത്ത നിറമാവുമ്ബോള്‍ യന്ത്ര സഹായത്തോടെ പൊടിച്ചാണ് ചാക്കില്‍ നിറക്കുക. തുടക്കത്തില്‍ ചാരത്തിന് വില ലഭിക്കില്ല. ഒരു ചാക്ക് നിറക്കാനുള്ള ചിലവായ അറുപതു രൂപ വീതം കമ്ബനി നല്‍കും. മുമ്ബ് പോണ്ടിച്ചേരി, തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് കൃഷി ആവശ്യങ്ങള്‍ക്കായി ചാരം കൊണ്ടുപോയിരുന്നു. എന്നാല്‍ ഇത് കൃത്യമായി നടക്കാത്തതിനാല്‍ ഒരുപാട് സ്റ്റോക്ക് കെട്ടിക്കിടന്നു. ഇനി അതുണ്ടാവില്ല. ആഴ്ചയില്‍ ഒരു ലോഡ് ഈ കമ്പനി വാങ്ങുമെന്നും ചാരം സൂക്ഷിക്കുകയെന്ന റിസ്‌ക് ഒഴിവാകുമെന്നും ഖനി പറഞ്ഞു. എന്തായാലും കേരളത്തില്‍ പുതിയൊരു വരുമാന സ്രോതസ്സ് കൂടി ഉണ്ടാവുകയാണ്. നിസാരമെന്ന് കരുതിയ ചാരത്തിനും ഭാവിയില്‍ വലിയ വില ലഭിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ.

Post a Comment

Previous Post Next Post