പൊന്നാനിയില്‍ മർദനമേറ്റ് യുവാവ് മരിച്ച സംഭവത്തില്‍ സുഹൃത്തായ യുവാവിനെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു.മുക്കാടി ബംഗ്ലാവ് സ്വദേശി പറമ്ബില്‍ മനാഫാണ് (33) അറസ്റ്റിലായത്. കഴിഞ്ഞ 16ന് രാത്രിയാണ് സംഭവം.
മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ കബീറിനെ പൊന്നാനി താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാത്രിയാണ് മരിച്ചത്. കഴുത്തില്‍ പരിക്കേറ്റ കബീറിന് ചലനശേഷി നഷ്ടപ്പെട്ട നിലയിലായിരുന്നു. കബഡി കളിക്കിടെ പരിക്കേറ്റതാണെന്നാണ് കബീറിന്‍റെ ഉറ്റ സുഹൃത്തും കേസിലെ മുഖ്യപ്രതിയുമായ പറമ്ബില്‍ മനാഫും മെഡിക്കല്‍ കോളജില്‍ ഡോക്ടറോട് പറഞ്ഞത്.ചികിത്സയില്‍ ഇരിക്കെ കബീർ മരണപ്പെട്ടത്തോടെയാണ് പരിക്ക് അടിപിടിയെ തുടർന്നുണ്ടായതാണെന്ന വിവരം പുറത്തു വരുന്നത്. പരിക്ക് ഗുരുതരമാണെന്ന് അറിഞ്ഞതോടെ മനാഫും മറ്റ് സുഹൃത്തുക്കളും ഒളിവില്‍ പോവുകയായിരുന്നു. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിളില്‍ പോയ മുഖ്യ പ്രതി മനാഫിനെ വൈക്കം പൊലീസിന്‍റെ സഹായത്തോടെ വൈക്കം മാനാത്ത്കാവിലുള്ള പെണ്‍ സുഹൃത്തിന്‍റെ വീട്ടില്‍നിന്ന് പിടികൂടുകയായിരുന്നു. കേസില്‍ കൂടുതല്‍ പേർക്ക് പങ്കുണ്ടോ എന്ന് അന്വേഷിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു.ജില്ല പൊലീസ് മേധാവി ആർ. വിശ്വനാഥ്, തിരൂർ ഡിവൈ.എസ്പി ഇ. ബാലകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചിരുന്നു. പൊന്നാനി ഇൻസ്പെക്ടർ ജലീല്‍ കറുത്തേടത്ത്, എസ്.ഐമാരായ ആനന്ദ്, അനില്‍, വിനോദ്, എ.എസ്.ഐ മധുസൂദനൻ, സീനിയർ സിവില്‍ പൊലീസ് ഓഫിസർമാരായ, അഷ്റഫ്, നാസർ, പ്രശാന്ത്കുമാർ, സിവില്‍ പൊലീസ് ഓഫീസർമാരായ വിനോദ്, രഞ്ജിത്ത്, കൃപേഷ്, തിരൂർ ഡൻസാഫ് അംഗങ്ങളായ എസ്.ഐ ജയപ്രകാശ്, എ.എസ്.ഐ ജയപ്രകാശ്, രാജേഷ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.


