സ്വകാര്യവ്യക്തിയുടെ അവകാശവാദം ഹൈക്കോടതി തളളി ; പുറമ്പോക്ക് ഭൂമിയില്‍ നഗരസഭ ഉദ്യാന നിര്‍മ്മാണം പൂര്‍ത്തിയാക്കും

തൃശൂര്‍ റോഡില്‍ അപകടാവസ്ഥയില്‍ നിന്നിരുന്ന കെട്ടിടം പൊളിച്ചുനീക്കിയ സ്ഥലം തന്റേതാണെന്ന് അവകാശമുന്നയിച്ച് സ്വകാര്യവ്യക്തി കുന്നംകുളം നഗരസഭക്കെതിരെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച കേസ് മതിയായ തെളിവില്ലാത്തതിനാല്‍ ഹൈക്കോടതി തള്ളി. പുറമ്പോക്ക് ഭൂമിയായി പരിഗണിച്ചാണ് ഹൈക്കോടതി വിധി വന്നത്. 

ഈ സ്ഥലത്ത് നഗരസഭ പൂന്തോട്ടം സജ്ജമാക്കി കൊണ്ടിരിക്കെയാണ് സ്വകാര്യവ്യക്തി ഹൈക്കോടതിയെ സമീപിച്ചിരുന്നത്. തന്റെ സ്ഥലമാണ് എന്നുകാണിച്ചാണ് ഹര്‍ജിക്കാരനായ ക്ലെമിസ് എന്ന വ്യക്തി പൂന്തോട്ടനിര്‍മ്മാണം നടക്കവേ ഹൈക്കോടതിയെ സമീപിച്ചത്.

എന്നാല്‍ ഇയാള്‍ക്ക് സ്ഥലം തന്റേതാണെന്ന് കാണിക്കാന്‍ വേണ്ടി വ്യക്തമായ തെളിവുകള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിക്കാന്‍ സാധിച്ചില്ല. ഈ സ്ഥലം പുറമ്പോക്കായി തന്നെ കുന്നംകുളം വില്ലേജ് ഓഫീസില്‍ രേഖകളുണ്ട്. നഗരസഭയ്ക്കു വേണ്ടി അഭിഭാഷകന്‍ ഹരിദാസ്‍ ഹാജരായി. 

സ്വച്ഛ് സാര്‍വേക്ഷന്റെ ഭാഗമായി പൊതുഇടങ്ങള്‍ ഏറ്റെടുത്ത് മാലിന്യ മുക്തമാക്കുന്നതിനും പൊതു ഇടങ്ങളില്‍ സൌന്ദര്യവത്ക്കരണം നടത്തുന്നതിനും സര്‍ക്കാര്‍ നിര്‍ദേശമുള്ളതിനാല്‍ കഴിഞ്ഞ ഡിസംബറിലാണ് നഗരസഭ ഈ സ്ഥലത്ത് പൂന്തോട്ടം നിര്‍മ്മിക്കാന്‍ ആരംഭിച്ചത്. തുടര്‍ന്ന് സ്വകാര്യ വ്യക്തി ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയും പണി നിര്‍ത്തിവെക്കുകയുമായിരുന്നു. 

പൂന്തോട്ടത്തില്‍ ഇനി അത്യാവശ്യം ചെയ്തുതീര്‍ക്കേണ്ട കുറച്ചു പ്രവൃത്തികള്‍ കൂടി കഴിഞ്ഞാല്‍ പൂന്തോട്ടം ഉദ്ഘാടനം ചെയ്യുമെന്ന് നഗരസഭ ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന്‍ പറഞ്ഞു.

Post a Comment

Previous Post Next Post