പത്തനംതിട്ട: അടൂര്‍ പള്ളിക്കല്‍ ആലുംമൂട് പ്രണവത്തില്‍ രാധാകൃഷ്ണ കുറുപ്പ് എന്ന വിമുക്തഭടന്റെ വിശ്രമജീവിതത്തിൽ അപ്രതീക്ഷിതമായി ഒരു വില്ലൻ കടന്നെത്തി. അന്ന് മുതൽ സമാധാനമായി ഉറങ്ങാൻ രാധാകൃഷ്ണ കുറുപ്പിന് സാധിച്ചിട്ടില്ല. മറ്റാരുമല്ല കഥയിലെ വില്ലൻ അയൽപക്കത്തെ പൂവൻകോഴിയാണ്.
പുലര്‍ച്ചെ മൂന്ന് മണിക്ക് വരെ കൂവുന്ന പൂവന്‍ കോഴിയാണ് പ്രശ്നക്കാരൻ. പൂവൻകോഴിയുടെ കൂവൽ കാരണം ഉറങ്ങാൻ കഴിയുന്നില്ലായെന്ന പരാതിയിൽ കൂട് മാറ്റാൻ ആർഡിഒയുടെ ഉത്തരവിട്ടു. ഇതിലൂടെ ഈ പ്രശ്‌നം പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മറ്റ് നടപടികളിലേക്ക് പോകുമെന്നും ആര്‍.ഡി.ഒ വ്യക്തമാക്കുന്നു അയല്‍വാസിയായ കൊച്ചുതറയില്‍ അനില്‍ കുമാറിന്റെ പൂവന്‍ കോഴിയാണ് രാധാകൃഷ്ണ കുറുപ്പിനെ ഉറങ്ങാൻ സമ്മതിക്കാത്തത്. ഇക്കാര്യം അനില്‍ കുമാറിനെ അറിയിച്ചെങ്കിലും പരിഹാരമുണ്ടായില്ല. തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കും വില്ലേജ് ഓഫീസര്‍ക്കും പരാതി നല്‍കി. അവരും അത് ഗൗരവമായി എടുത്തില്ല. ഒടുവില്‍ അരൂര്‍ ആര്‍ഡിഒയെ സമീപിക്കുകയായിരുന്നു.
സ്ഥലം സന്ദർശിച്ച ആർ ഡി ഓ രാധാകൃഷ്ണ കുറുപ്പിന്റെ പരാതി ന്യായമാണെന്ന് മനസിലാക്കുകയും 14 ദിവസത്തിനകം കൂട് മാറ്റി സ്ഥാപിക്കണമെന്ന് ഉത്തരവിടുകയും ചെയ്തു.


