തൃശൂർ :ബാങ്ക് ജീവനക്കാരുടെ സംയുക്ത സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (UFBU) ഈ മാസം 24, 25 തീയതികളിൽ ദ്വിദിന പണിമുടക്കിന് ആഹ്വാനം ചെയ്‌തിരുന്നു. പണിമുടക്ക് ഒഴിവാക്കാൻ ഇന്ത്യൻ ചീഫ് ലേബർ കമ്മീഷണറുടെ നേതൃത്വത്തിൽ നടത്തിയ അനുരഞ്ജനങ്ങൾ പരാജയപ്പെട്ടതിനെ തുടർന്ന് പണിമുടക്ക് നിശ്ചയിച്ച തീയതികളിൽ നടത്തും. ബാങ്കിങ് സേവനങ്ങൾക്ക് ഈ ദിവസങ്ങളിൽ തടസ്സം നേരിടാം. മാർച്ച് 23 ഞായറാഴ്ച തുടർന്ന് മാർച്ച് 24, 25 തീയതികളിലെ പണിമുടക്കും കൂടിയാകുമ്പോൾ മൂന്ന് ദിവസത്തെ ബാങ്ക് സേവങ്ങൾ ലഭിക്കാതെ വരും.ബാങ്കിംഗ് മേഖലയിലെ പ്രവൃത്തി ആഴ്ച അഞ്ച് ദിവസമാക്കുക, കൂടുതൽ ജീവനക്കാരെ നിയമിക്കുക, താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് UFBU മുന്നോട്ടുവെക്കുന്നത്. ഈ ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടില്ലെങ്കിൽ സമരം കർശനമായി നടപ്പാക്കുമെന്ന് യൂണിയൻ നേതാക്കൾ വ്യക്തമാക്കി. പൊതുമേഖലാ ബാങ്കുകളുടെ പ്രവർത്തനം പ്രധാനമായും തടസ്സപ്പെടുമെങ്കിലും, സ്വകാര്യ ബാങ്കുകൾ സാധാരണ നിലയിൽ പ്രവർത്തിച്ചേക്കാം.
പണിമുടക്ക് മൂലം പണമിടപാടുകൾ, ചെക്ക് ക്ലിയറൻസ്, വായ്‌പാ അനുമതി തുടങ്ങിയ സേവനങ്ങൾ മുടങ്ങാൻ സാധ്യതയുണ്ട്. ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ട് ഒഴിവാക്കാൻ മുൻകൂട്ടി ആവശ്യമായ ഇടപാടുകൾ പൂർത്തിയാക്കണമെന്ന് ബാങ്ക് അധികൃതർ നിർദേശിച്ചു. ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങൾക്ക് വലിയ തടസ്സമുണ്ടാകില്ലെങ്കിലും, ശാഖകളിൽ നേരിട്ടെത്തുന്ന ഇടപാടുകൾക്ക് പ്രശ്നങ്ങൾ നേരിടേണ്ടി വരും.


