*പാലക്കാട് ജംഗ്ഷൻ റെയില്‍വേ സ്റ്റേഷനില്‍ വൻ കഞ്ചാവ് വേട്ട ! 47.7 കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശികളായ യുവതീയുവാക്കള്‍ പിടിയില്‍*
പാലക്കാട് ജംഗ്ഷൻ റെയില്‍വേ സ്റ്റേഷനില്‍ വൻ കഞ്ചാവ് വേട്ട. 47.7 കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശികളായ യുവതീയുവാക്കള്‍ പിടിയില്‍.
ട്രെയിനിലൂടെയുള്ള ലഹരി കടത്തിനെതിരായി പാലക്കാട് ആർപിഎഫ് ക്രൈം ഇന്റലിജൻസ് വിഭാഗവും റെയില്‍വേ പോലീസ് ഡാൻസാഫ് സ്ക്വാഡും എക്സൈസ് റേഞ്ചും സംയുക്തമായി നടത്തിയ പരിശോധനയില്‍ ശനിയാഴ്ച രാവിലെ പാലക്കാട് ജംഗ്ഷനില്‍ എത്തിച്ചേർന്ന സന്ത്രാഗച്ചി-മംഗലാപുരം വിവേക് എക്സ്പ്രസ്സില്‍ നിന്നാണ് പശ്ചിമബംഗാള്‍ ഹൂഗ്ലി സ്വദേശികളായ സജല്‍ ഹല്‍ദർ, ലൗലി മാലാകർ എന്നിവരുടെ കൈവശമുണ്ടായിരുന്ന മൂന്ന് വലിയ ട്രോളി സൂട്ട് കേസുകളിലായി കടത്തിക്കൊണ്ടുവന്ന 47.7 കിലോ കഞ്ചാവ് പിടിച്ചെടുത്തത്.
പിടികൂടിയ കഞ്ചാവിന് 24 ലക്ഷത്തോളം രൂപ വില വരും. സംഭവത്തില്‍ എക്സൈസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ഒഡീഷയില്‍ നിന്ന് കണ്ണൂർക്ക് കടത്തുകയായിരുന്ന കഞ്ചാവാണ് പിടികൂടിയത്.
കണ്ണൂർ, അഴീക്കോട്, വളപട്ടണം, മട്ടന്നൂർ എന്നീ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ലഹരി കച്ചവടം നടത്തുന്ന സംഘത്തിലെ കണ്ണികളാണ് അറസ്റ്റിലായവർ എന്ന് അന്വേഷണോദ്യഗസ്ഥർ അറിയിച്ചു. അറസ്റ്റിലായ യുവാവിനെതിരെ കണ്ണൂരില്‍ കഞ്ചാവ് കേസ് നിലവിലുണ്ട്.
കേരളത്തില്‍ വർദ്ധിച്ചുവരുന്ന ലഹരി വ്യാപനം തടയുന്നതിനായി വരും ദിവസങ്ങളിലും ആർപിഎഫും എക്സൈസും റെയില്‍വേ പോലീസും ചേർന്ന് ശക്തമായ പരിശോധനകള്‍ തുടരുമെന്ന് അധികൃതർ അറിയിച്ചു.
ആർപിഎഫ് ക്രൈം ഇൻ്റലിജൻസ് വിഭാഗം ഇൻസ്പെക്ടർ എൻ. കേശവദാസിന്റെയും പാലക്കാട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ റിനോഷ്.ആർ, റെയില്‍വേ പോലീസ് ഡാൻസാഫ് സ്ക്വാഡ് അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ സി.അനില്‍കുമാർ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ ആർപിഎഫ് ക്രൈം ഇൻറലിജൻസ് വിഭാഗം സബ് ഇൻസ്പെക്ടർമാരായ ദീപക്.എ.പി, എ.പി.അജിത് അശോക്, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ കെ.എം.ഷിജു, ഹെഡ് കോണ്‍സ്റ്റബിള്‍ അജീഷ്.ഓ.കെ, റെയില്‍വേ പോലീസ് ഇൻ്റലിജൻസ് അസി. സബ് ഇൻസ്പെക്ടർ സന്തോഷ് ശിവൻ, ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ സീനിയർ സിവില്‍ പോലീസ് ഓഫീസർ മണികണ്ഠൻ.എം, സിവില്‍ പോലീസ് ഓഫീസർമാരായ ഷമീർ.എസ്, രജീഷ്.കെ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ നാരായണൻ.കെ.കെ, പ്രിവന്റീവ് ഓഫീസർമാരായ അഭിലാഷ്.കെ, ടി.എസ്.അനില്‍കുമാർ, വനിതാ സിവില്‍ എക്സൈസ് ഓഫീസർ ബിന്ദു.വി, സിവില്‍ എക്സൈസ് ഓഫീസർ ഡ്രൈവർ സാനി.എസ് എന്നിവരാണുണ്ടായിരുന്നത്.


