ചാലക്കുടി: ജെഎസ്‌ഡബ്ല്യു കമ്പനിയുടെ വ്യാജ ലോഗോ പതിപ്പിച്ച് നിലവാരം കുറഞ്ഞ റൂഫിങ്ങ് ഷീറ്റുകൾ വിറ്റ രണ്ടുപേർ അറസ്റ്റിൽ. ചാലക്കുടി കൈതാരത്ത് മണപുറം വീട്ടിൽ സ്റ്റീവ് ജോൺ (35), സ്ഥാപനത്തിലെ മെഷീൻ ഓപ്പറേറ്റർ ചായിപ്പംകുഴി സ്വദേശി പാറേപറമ്പിൽ വീട്ടിൽ സിജോ എബ്രഹാം (29) എന്നിവരെയാണ് ചാലക്കുടി പൊലീസ് അറസ്റ്റ് ചെയ്തത്. പോട്ട പനമ്പിള്ളി കോളേജ് ജങ്ഷന് സമീപം പ്രവർത്തിക്കുന്ന റൂഫിങ്ങ് മാനുഫാക്‌ചറിങ്ങ് കമ്പനിയിൽ നിലവാരം കുറഞ്ഞ റൂഫിങ്ങ് ഷീറ്റുകൾ ചൈനയിൽ നിന്നും ഇറക്കുമതി ചെയ്‌ത് അതിൽ മുംബൈ ബാന്ദ്ര ആസ്ഥാനമായി പ്രവർത്തിക്കുന്ന ജെഎസ്‌ഡബ്ല്യു എന്ന കമ്പനിയുടെ വ്യാജ ലോഗോ പതിപ്പിച്ചായിരുന്നു നിർമാണവും വിതരണവുമെന്ന് പൊലീസ് പറഞ്ഞു.
നിലവാരം കുറഞ്ഞ റൂഫിങ്ങ് ഷീറ്റുകൾ വാങ്ങി വഞ്ചിക്കപ്പെട്ട നിരവധി ഉപഭോക്താക്കൾ കമ്പനിക്ക് പരാതി നൽകിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പോട്ട പനമ്പിള്ളിയിലെ വ്യാജ നിർമാണ സ്ഥാപനം കണ്ടെത്തിയത്. തുടർന്ന് കമ്പനി ചാലക്കുടി പൊലീസിൽ പരാതി നൽകുകയായിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ റെയ്‌ഡിൽ ജെഎസ്‌ഡബ്ല്യു എന്ന കമ്പനിയുടെ വ്യാജമായി നിർമിച്ച ലോഗോ പതിച്ച് നിർമ്മിച്ച 43 റൂഫിങ്ങ് ഷീറ്റുകൾ പിടിച്ചെടുത്തു. കൃത്രിമ ലോഗോ പതിക്കാനായി ഉപയോഗിച്ച ഇലട്രോണിക്സ് ഉപകരണങ്ങളും പിടിച്ചെടുത്തു.


