സംസ്ഥാനത്ത് ചൂട് കൂടുന്നു. കൂടുതൽ പേർക്ക് സൂര്യാതപമേറ്റു. പത്തനംതിട്ട, കോഴിക്കോട്, മലപ്പുറം ജില്ലകളിലായാണ് മൂന്ന് പേർക്ക് സൂര്യാതപമേറ്റത്. കോഴിക്കോട് ആനയാംകുന്നിൽ സുരേഷിന് പൊള്ളലേറ്റു. വാഴത്തോട്ടത്തിൽ പോയി വരുമ്പോളാണ് കഴുത്തിൽ സൂര്യാതപമേറ്റത്. മലപ്പുറം തിരൂരങ്ങാടി ചെറുമുക്കിൽ മധ്യവയസ്ക്കന് സൂര്യാതപമേറ്റു. ഹുസൈൻ എന്ന 44 കാരനാണ് പൊള്ളലേറ്റത്. ഉച്ചക്ക് 12 മണിയോടെ വീടിന്റെ ടെറസിന്റെ മുകളിൽ ജോലി ചെയ്യുന്നതിനിടെയാണ് ഹുസൈന് വലത് കയ്യിലും കഴുത്തിലും സൂര്യാതാപമേറ്റത്. പത്തനംതിട്ട കോന്നിയിൽ ഒരാൾക്ക് സൂര്യാതപമേറ്റു. കോന്നി ഗ്രാമപഞ്ചായത്ത് അംഗം കെ.ജി ഉദയനാണ് ഇന്ന് ഉച്ചയ്ക്ക് 12:30ന് സൂര്യാതപമേറ്റത്.
സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിർദേശങ്ങൾ.
ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്.
ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താൻ നിർദേശം നൽകുകയും ആവശ്യമെങ്കിൽ യാത്രയ്ക്കിടയിൽ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നൽകുകയും ചെയ്യേണ്ടതാണ്.
* മാധ്യമപ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്ത് (11 am to 3 pm) കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്ക് കുടിവെള്ളം നൽകി നിർജലീകരണം തടയാൻ സഹായിക്കുക.
* പൊതുപരിപാടികൾ, സമ്മേളനങ്ങൾ എന്നിവ നടത്തുമ്പോൾ പങ്കെടുക്കുന്നവർക്ക് ആവശ്യമായ കുടിവെള്ളം, തണൽ എന്നിവ ലഭ്യമാണെന്ന് സംഘാടകർ ഉറപ്പുവരുത്തുക. പകൽ 11 മുതല്‍ വൈകുന്നേരം 3 വരെ കഴിവതും സമ്മേളനങ്ങൾ ഒഴിവാക്കുക.
* യാത്രയിലേർപ്പെടുന്നവർ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. കയ്യിൽ വെള്ളം കരുതുക.
* നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ എന്നിവർ ജോലി സമയം ക്രമീകരിക്കുക. ജോലിയിൽ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.
* ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും ജലലഭ്യത ഉറപ്പാക്കുക.
* കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല.
* ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികൾ സ്വീകരിക്കണം. നിർജലീകരണം തടയാന്‍ എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കുടിവെള്ളം കയ്യില്‍ കരുതുക.
* അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.
* കാലാവസ്ഥാ വകുപ്പിൻ്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.


