വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സർക്കാർ


 തിരുവനന്തപുരം: വന്യജീവി ആക്രമണത്തിൽ നഷ്ടപരിഹാരം നൽകുന്നതിലെ മാനദണ്ഡത്തിൽ മാറ്റം.


ഇനിമുതൽ വന്യജീവി ആക്രമണം വനത്തിന് അകത്തായാലും പുറത്തായാലും ധനസഹായം നൽകാൻ തീരുമാനമായി. വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായമാണ് സർക്കാർ നൽകുക.


നാലുലക്ഷം രൂപ ദുരന്തപ്രതികരണ നിധിയിൽ നിന്നും ബാക്കി ആറ് ലക്ഷം രൂപ വനംവകുപ്പ് തനത് ഫണ്ടിൽ നിന്നുമായിരിക്കും ലഭ്യമാക്കുക. മനുഷ്യ-വന്യജീവി സംഘർഷം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് ഉത്തരവ്.


പുതിയ മാനദണ്ഡപ്രകാരമുളള സഹായത്തിന് മുൻകാല പ്രാബല്യമുണ്ടായിരിക്കും.


പാമ്പ്, തേനീച്ച, കടന്നൽ ആക്രമണത്തിൽ മരിക്കുന്നവരുടെ കുടുംബത്തിന് 4 ലക്ഷം രൂപയും ധനസഹായം നൽകും. വന്യജീവി ആക്രമണത്തിൽ നാൽപ്പത് ശതമാനം മുതൽ അറുപത് ശതമാനം വരെയുളള അംഗവൈകല്യത്തിന് ദുരന്തപ്രതികരണ നിധിയിൽ നിന്നും 74,000 രൂപയും വനംവകുപ്പിൽ നിന്നുള്ള 1,26000 രൂപയും ഉൾപ്പെടെ രണ്ടുലക്ഷം രൂപ ലഭിക്കും. കൈ, കാൽ, കണ്ണ് എന്നിവ നഷ്ടപ്പെട്ടാലും ഈ ധനസഹായം ലഭിക്കും. ഒരാഴ്ച്ചയിൽ കൂടുതൽ ആശുപത്രിവാസം വേണ്ടിവരുന്ന ഗുരുതരമായ പരിക്കേറ്റാൽ ഒരുലക്ഷം രൂപ വരെ ധനസഹായം നൽകും. ഒരാഴ്ച്ചയിൽ കുറവാണെങ്കിൽ എസ്‌ഡിആർഎഫിൽ നിന്ന് അയ്യായിരം രൂപ മുതൽ പതിനായിരം രൂപ വരെ ലഭിക്കും. വന്യജീവി ആക്രമണത്തിൽ വീടുകൾ പൂർണമായോ ഭാഗികമായോ തകർന്ന കുടുംബങ്ങൾക്ക് വസ്ത്രങ്ങൾക്കും വീട്ടുപകരണങ്ങൾക്കുമായി 2500 രൂപ വീതം ലഭിക്കും.

Post a Comment

Previous Post Next Post