മലങ്കര സഭാതർക്കത്തിൽ ഓറിയൻ്റൽ ഓർത്തഡോക്‌സ് സഭാ തലവന്മാരുടെ നേതൃത്വത്തിലുള്ള സമവായ ചർച്ചയിൽ പ്രതീക്ഷ: യാക്കോബായ സുറിയാനി സഭ


പുത്തൻകുരിശ് : മലങ്കര സഭയിൽ സമാധാനം സ്ഥാപിതമാകുവാനും മലങ്കര സഭാതർക്കം ശാശ്വതമായി പരിഹരിക്കപ്പെടുവാനും ഓറിയൻ്റൽ ഓർത്തഡോക്‌സ്‌ സഭാ തലവന്മാർ മുൻകൈയെടുത്ത് സമവായ ചർച്ചകൾക്ക് ഒരുക്കിയിരിക്കുന്ന അവസരം ഓർത്തഡോക്‌സ് വിഭാഗം നഷ്ടപ്പെടുത്തുകയില്ലായെന്നും ഒരു നൂറ്റാണ്ട് പഴക്കമുള്ള സഭാതർക്കം അവസാനിപ്പിക്കുവാനുള്ള ഈ സുവർണ്ണാവസരത്തെ പ്രയോജനപ്പെടുത്തുമെന്നും യാക്കോബായ സുറിയാനി സഭ പ്രത്യാശിക്കുന്നതായി മീഡിയാ സെൽ ചെയർമാൻ അഭിവന്ദ്യ ഡോ. കുര്യാക്കോസ് തെയോഫിലോസ് മെത്രാപ്പോലീത്ത പറഞ്ഞു. മലങ്കര സഭാതർക്കം ശാശ്വതമായി പരിഹരിക്കുവാനും ഓറിയൻ്റൽ ഓർത്തഡോക്‌സ് സഭകളുടെ ഐക്യവും സമഗ്രതയും ശക്തിപ്പെടുത്തുന്നതിനും വേണ്ടി ഇന്ത്യയിൽ നിന്നും രണ്ടു കാതോലിക്കമാരെയും പരിശുദ്ധ മോറാൻ മോർ ഇഗ്‌നാത്തിയോസ്‌ അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായുടെ സാന്നിധ്യത്തിൽ കെയ്‌റോയിലേക്ക് കോപ്റ്റിക് ഓർത്തഡോക്‌സ് സഭാ തലവൻ പോപ്പ് തേവോദോറോസ് രണ്ടാമൻ, അർമീനിയൻ ഓർത്തഡോക്‌സ് സഭാ തലവൻ ആരാം ഒന്നാമൻ കാതോലിക്ക എന്നിവർ ക്ഷണിച്ചിട്ടുണ്ട്. പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തിൻ്റെ അന്തസ്സ് കാത്തു സൂക്ഷിച്ചും അതിനെ ആദരിച്ചും കൊണ്ടും അതേ സമയം തന്നെ ഇന്ത്യയിലെ സഭയുടെ സ്വത്വത്തെയും സമഗ്രതയെയും സംരക്ഷിക്കുന്നതും സമാധാനവും ഐക്യവും സംജാതമാക്കുന്നതും ചർച്ചയാകും. ആകമാന സുറിയാനി ഓർത്തഡോക്‌സ് സഭയിൽ നിന്നും വിഘടിച്ചു നിൽക്കുന്ന ഇന്ത്യൻ ഓർത്തഡോക്‌സ് വിഭാഗത്തിലെ പ്രതിനിധികളുടെ സാന്നിധ്യത്തിൽ നടക്കുന്ന ആരാധന ശുശ്രൂഷകളിലും ദൈവശാസ്ത്ര സംവാദങ്ങളിലും പങ്കെടുക്കേണ്ട എന്ന ആകമാന സുറിയാനി ഓർത്തഡോക്‌സ് സഭയുടെ സുന്നഹദോസിൻ്റെ സുപ്രധാന തീരുമാനത്തിന് ഓറിയൻ്റൽ ഓർത്തഡോക്‌സ് സഭാ തലവന്മാർ പരിപൂർണ്ണ പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ചു. അതോടൊപ്പം ഇന്ത്യയിലെ സുറിയാനി ഓർത്തഡോക്‌സ് സഭയ്ക്കായി ബെയ്റൂട്ടിൽ വച്ച് ശ്രേഷ്ഠ മോർ ബസ്സേലിയോസ് ജോസഫ് കാതോലിക്ക ബാവായെ പരിശുദ്ധ ഇഗ്‌നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയാർക്കീസ് ബാവ വാഴിച്ചതിനെ ഓറിയൻ്റൽ ഓർത്തഡോക്‌സ് സഭാ തലവന്മാർ അനുമോദിച്ചു. ഈജിപ്‌തിലെ കെയ്റോയിൽ നടക്കുന്ന ഓറിയൻ്റൽ സഭാ തലവന്മാരുടെ സമ്മേളനത്തിലാണ് അനുമോദനം. ഇന്ത്യയിലെ സഭയുടെ പ്രാദേശിക സുന്നഹദോസിൻ്റെ പങ്കാളിത്തത്തോടെ 2025 മാർച്ച് 26 ന് ലബനോനിലെ അച്ചാനെയിലുള്ള പാത്രിയാർക്കാ ആസ്ഥാനത്ത് സമ്മേളിച്ച ആകമാന സുറിയാനി ഓർത്തഡോക്‌സ് സഭയുടെ സാർവത്രിക സുന്നഹദോസിനെയും ചടങ്ങിൽ ഓറിയൻ്റൽ ഓർത്തഡോക്‌സ് സഭാ തലവന്മാർ അഭിനന്ദിച്ചു.

Post a Comment

Previous Post Next Post