കുന്നംകുളം: സിപിഎം പ്രവർത്തകനെയും സുഹൃത്തിനെയും കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ ബിജെപി പ്രവർത്തകന് 12 വർഷം 9 മാസം കഠിനതടവും 45000 രൂപ പിഴയും വിധിച്ച് കോടതി.
ചൂണ്ടല്‍ ചെമ്മന്തിട്ട സ്വദേശി അഖിലി(കുട്ടു-28)നെ ആണ് ചാവക്കാട് അസിസ്റ്റന്റെ സെഷൻസ് കോടതി ശിക്ഷിച്ചത്.
പിഴ അടച്ചില്ലെങ്കില്‍ 9 മാസം അധിക കഠിനതടവും അനുഭവിക്കണം.
പഴുന്നാനയിലെ സിപിഎമ്മിന്റെ സജീവ പ്രവർത്തകനായ തണ്ടാശേരി വീട്ടില്‍ ശരത്തിനെയും, സുഹൃത്ത് അർജുനെയും കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് കോടതി ശിക്ഷ വിധിച്ചത്.
കേസിലെ മൂന്നും, ആറും പ്രതികളായ വിഷ്ണു, സനീഷ്, എന്നിവരെ മുമ്ബ് ശിക്ഷിച്ചിരുന്നു. ഒന്നാംപ്രതി അഖില്‍, നാലാംപ്രതി വിഷ്ണു, അഞ്ചാംപ്രതി ശൃഷിത് എന്നിവർ ശിക്ഷാവിധിക്കായി ഹാജരായിരുന്നില്ല.
രണ്ടാം പ്രതിയായ പയ്യൂർ മാന്തോപ്പ് സ്വദേശി ആദർശ് വിചാരണ നേരിടാതെ ഒളിവിലാണ്.
രാഷ്ട്രീയ മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് കോടതി കണ്ടെത്തി. പിഴ സംഖ്യ പരിക്കേറ്റ ശരത്തിന് നല്‍കാൻ കോടതി ഉത്തരവിട്ടു.



