നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; ആര്യാടൻ ഷൗക്കത്തിന് ലീഡ്

 

മലപ്പുറം: കേരളം ആകാംക്ഷയോടെ നോക്കുന്ന നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ തുടങ്ങിയപ്പോൾ ആദ്യ ലീഡ് യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന്. പോസ്റ്റൽ ബാലറ്റുകളാണ് ആദ്യ എണ്ണുന്നത്. തുടക്കത്തിൽ 183 വോട്ടിനാണ് ആര്യാടൻ ഷൗക്കത്ത് ലീഡ് ചെയ്യുന്നത്.


ചുങ്കത്തറ മാർത്തോമ്മാ ഹയർ സെക്കൻഡറി സ്‌കൂളിലാണ് വോട്ടെണ്ണൽ. ജൂൺ 19ന് നടന്ന വോട്ടെടുപ്പിൽ 1,74,667 പേരാണ് ബൂത്തിലെത്തി വോട്ടു ചെയ്തത്. 75.87 ശതമാനമായിരുന്നു പോളിങ്. ആര്യാടൻ ഷൗക്കത്ത് (യുഡിഎഫ്), എം സ്വരാജ് (എൽഡിഎഫ്), മോഹൻ ജോർജ് (എൻഡിഎ) മുൻ എംഎൽഎ പി.വി. അൻവർ (സ്വതന്ത്രൻ) എന്നിവരാണ് മത്സരരംഗത്തുണ്ടായിരുന്ന പത്തു സ്ഥാനാർഥികളിലെ പ്രമുഖർ. ആദ്യത്തെ 7 റൗണ്ടുകൾ യുഡിഎഫ് വലിയ മുന്നേറ്റം പ്രതീക്ഷിക്കുന്ന മേഖലകളാണ്. അതിനു ശേഷമാണ് ഇടതു സ്വാധീന മേഖലകൾ വരുന്നത്.ഈ ഉപതെരഞ്ഞെടുപ്പിലെ ഫലങ്ങൾ എൽഡിഎഫ്,യുഡിഎഫ് മുന്നണികളുടെ രാഷ്ട്രീയഭാവി എന്താകുമെന്ന് വിലയിരുത്തുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. തെരഞ്ഞെടുപ്പ് ഫലം വിജയം ഉറപ്പെന്ന നിലപാടുമായി നിലയുറപ്പിച്ച പി വി അൻവറിനും ഏറെ നിർണായകമാണ്. അൻവർ പിടിച്ചെടുക്കുന്ന ഓരോ വോട്ടും ഇരുമുന്നണികളുടെയും നെഞ്ചിടിപ്പാകും.


അപ്രതീക്ഷിതമായ അടിയൊഴുക്കുകളൊന്നുമില്ലെങ്കിൽ പതിനായിരം വോട്ടിനെങ്കിലും ജയിക്കാമെന്ന വിശ്വാസത്തിലാണ് യുഡിഎഫ്. എം സ്വരാജിന് ലഭിച്ച ജനകീയപിന്തുണയാണ് എൽഡിഎഫിന്റെ പ്രതീക്ഷ. പതിനായിരം വോട്ടെങ്കിലും പിടിച്ചാൽ തന്റെ നിലപാടിന് ജനപിന്തുണയുണ്ടെന്ന് തെളിയിക്കാമെന്നാണ് പി വി അൻവർ കരുതുന്നത്. കഴിഞ്ഞ തവണത്തെ 8500 എന്ന അക്കത്തെ പതിനായിരം കടത്താനാണ് എൻഡിഎ സ്ഥാനാർഥി അഡ്വ. മോഹൻ ജോർജിന്റെ ശ്രമം.

Post a Comment

Previous Post Next Post