തിരുവനന്തപുരം: വാഹന ഉടമകളെ വലച്ച് ‘വാഹന്‍ സോഫ്റ്റ് വെയർ വീണ്ടും പണിമുടക്കി. ഓണ്‍ലൈനില്‍ ഫീസ് അടയ്ക്കുന്ന സേവനങ്ങളാണ് തടസ്സപ്പെട്ടത്. ഇന്നലെ മുതലാണ് വീണ്ടും തകരാറിലായത്. വ്യാഴാഴ്ച ഫീസ് അടച്ചവരുടെയെല്ലാം അക്കൗണ്ടില്‍നിന്ന് തുക കുറവുചെയ്‌തെങ്കിലും സൈറ്റിലേക്ക് വന്നില്ല. അപേക്ഷകർ കുഴഞ്ഞതോടെ മോട്ടോര്‍വാഹന വകുപ്പ് ഓഫീസുമായി ബന്ധപ്പെട്ടെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ലെന്നും ആരോപണമുയർന്നു.
ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തിക്കുന്ന വാഹനങ്ങള്‍ക്കുള്ള നികുതിയുള്‍പ്പടെ വന്‍ തുക അടച്ചവരെല്ലാം ഇതോടെ കുരുക്കിലാക്കി. രാജ്യവ്യാപകമായുള്ള തകരാറാണെന്നും ഇത് ഉടന്‍ പരിഹരിക്കുമെന്നും ആര്‍ക്കും തുക നഷ്ടമാകില്ലെന്നും അധികൃതര്‍ അറിയിച്ചു.