തൃശൂര്‍: പണിമുടക്ക് ദിനത്തിലും ഗുരുവായൂരപ്പ ദര്‍ശനത്തിന് ആയിരങ്ങളെത്തിയതായി ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ്. ദര്‍ശന സായൂജ്യം നേടിയ പതിനായിരത്തോളം ഭക്തര്‍ക്ക് ദേവസ്വം പ്രസാദ ഊട്ട് തയ്യാറാക്കി നല്‍കി. ഹോട്ടലുകള്‍ അടഞ്ഞ് കിടന്ന സാഹചര്യത്തില്‍ ഭക്തര്‍ക്ക് ഇത് ഏറെ ആശ്വാസമായെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു.ദേശീയ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലും പുലര്‍ച്ചെ നിര്‍മ്മാല്യം മുതല്‍ ഗുരുവായൂരപ്പ ദര്‍ശന സായൂജ്യം തേടി ആയിരങ്ങളാണ് ഗുരുവായൂരിലെത്തിയത്. ഒട്ടേറെ വിവാഹങ്ങളും നടന്നു. ദര്‍ശനപുണ്യം നേടിയവര്‍ പുലര്‍ച്ചെ 5 മണി മുതല്‍ ക്ഷേത്രം അന്നലക്ഷ്മി ഹാളിലെത്തി. ചൂടാറാത്ത ഇഡ്ഡലിയും ഉപ്പുമാവും ചട്‌നിയും സാമ്പാറും പിന്നെ ചുക്കുകാപ്പിയും ഭക്തര്‍ക്കായി പാത്രത്തില്‍ നിരന്നു. സാധാരണ ദിനങ്ങളില്‍ രാവിലെ എട്ടു മണിക്ക് തീരേണ്ട പ്രാതല്‍ വിളമ്പല്‍ ഒമ്പതരവരെ നീണ്ടു. വിശപ്പകറ്റാന്‍ എത്തിയവര്‍ക്കായി വീണ്ടും വിഭവങ്ങള്‍ ഒരുക്കിയതായും ദേവസ്വം ബോര്‍ഡ് അറിയിച്ചു