തൃശ്ശൂർ: ആനകൾ കാടിറങ്ങുന്നതു തടയാൻ നെല്ലിയാമ്പതി താഴ് വാരത്തിൽ 2000 മുളം തൈകൾ നടാനുള്ള പദ്ധതി തയാറാക്കി വനംവകുപ്പ്. ഗ്രീൻ ഇന്ത്യ മിഷനിൽ ഉൾപ്പെടുത്തി,
നെല്ലിയാമ്പതി മലനിരയ്ക്കു താഴെയുള്ള വഴുക്കുപ്പാറ വനത്തിലെ 10 ഹെക്‌ടർ സ്‌ഥലത്തു 10 ലക്ഷം രൂപ വിനിയോഗിച്ചു മുളം തൈകൾ നടാനുള്ള പദ്ധതിയാണു കൊല്ലങ്കോട് റേഞ്ച് തയാറാക്കി വനംവകുപ്പിനു കൈമാറിയത്. കാട്ടാനകൾ ജനവാസ മേഖലയിലെത്തി തെങ്ങ്, കവുങ്ങ്, വാഴ എന്നിവയുൾപ്പെടെയുള്ള കൃഷി നശിപ്പിക്കുന്നത് തുടരുന്ന സാഹചര്യത്തിലാണ് പദ്ധതി. എലവഞ്ചേരി വനം സംരക്ഷണ സമിതി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. ഇതിനൊപ്പം തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളുടെയും നബാർഡിന്റെയും ഫണ്ടുകൾ ഉപയോഗിച്ചു സൗരോർജ തൂക്കു വേലി നിർമാണവും നടക്കുന്നുണ്ട്. ത്രിതല പഞ്ചായത്ത് സംവിധാനങ്ങളുടെ ഫണ്ട് ഉപയോഗിച്ചു നിർമിക്കുന്ന 13 കിലോമീറ്റർ തൂക്കു വേലിയിൽ നാലര കിലോ മീറ്റർ നിർമാണം പൂർത്തിയാക്കി. അവശേഷിക്കുന്ന 8.5 കിലോമീറ്റർ ടെൻഡർ ചെയ്യാനുണ്ട്.
നബാർഡ് ഫണ്ട് ഉപയോഗിച്ചു നിർമിക്കുന്ന 27 കിലോമീറ്റർ ടെൻഡർ ചെയ്ത്‌തിൽ 21 കിലോമീറ്റർ പൂർത്തിയായി.