വൃദ്ധസദനത്തില്‍ നിന്നും പുതിയ ജീവിത പാതയിലേക്ക് വിജയരാഘവനും സുലോചനയും.


 

തൃശൂര്‍: വൃദ്ധസദനത്തില്‍ നിന്നും പുതിയ ജീവിത പാതയിലേക്ക് വിജയരാഘവനും സുലോചനയും. തൃശ്ശൂരുള്ള സര്‍ക്കാരിന്റെ രാമവര്‍മ്മപുരം വൃദ്ധസദനത്തില്‍ നിന്നാണ് വിജയരാഘവനും സുലോചനയും ഒരുമിച്ചുള്ള യാത്ര തുടങ്ങിയത്. സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരമാണ് 79 വയസ്സുള്ള വിജയരാഘവന്റേയും 75 വയസ്സുള്ള സുലോചനയുടെയും വിവാഹം നടന്നത്. ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു, മേയര്‍ എം കെ വര്‍ഗീസ് എന്നിവര്‍ വിവാഹത്തിന് സാക്ഷ്യം വഹിച്ചു.

പേരാമംഗലം സ്വദേശിയായ വിജയരാഘവന്‍ 2019 ലും ഇരിങ്ങാലക്കുട സ്വദേശിയായ സുലോചന 2024 ലുമാണ് തൃശൂര്‍ ഗവണ്‍മെന്റ് വൃദ്ധസദനത്തില്‍ എത്തിയത്. ഇരുവരും ഒരുമിച്ച് ജീവിക്കണമെന്ന ആവശ്യം സാമൂഹ്യനീതി വകുപ്പ് സൂപ്രണ്ടിനെ അറിയിക്കുകയായിരുന്നു. സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ ഇരുവരും സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം നടത്താന്‍ സാമൂഹ്യനീതി വകുപ്പ് മന്ത്രിയും, ഡയറക്ടറും വകുപ്പ് ഉദ്യോഗസ്ഥരും വൃദ്ധസദനം മാനേജ്‌മെന്റ് കമ്മിറ്റിയും ഒരുക്കങ്ങള്‍ നടത്തി ഇവരുടെ വിവാഹം നടത്തുകയായിരുന്നു.ജീവിതസായന്തനത്തില്‍ സന്തോഷവും സ്‌നേഹവും പങ്കുവെച്ചുകൊണ്ട് ഹൃദ്യമായ ഒരു ദാമ്പത്യം ഇവര്‍ക്കുണ്ടാകട്ടെ എന്നും ഇരുവര്‍ക്കും വിവാഹ മംഗളാശംസകള്‍ നേര്‍ന്നുകൊണ്ട് സാമൂഹ്യനീതിവകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു പുതുദമ്പതികള്‍ക്ക് മധുരം നല്‍കി. മേയര്‍ എം വര്‍ഗീസ്സും ദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്നു.കോര്‍പ്പറേഷന്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്യാമള മുരളീധരന്‍, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ കെ ആര്‍ പ്രദീപന്‍, കൗണ്‍സിലര്‍, വൃദ്ധസദനം സൂപ്രണ്ട് രാധിക, താമസക്കാര്‍ തുടങ്ങിയവര്‍ സന്തോഷത്തില്‍ പങ്കുചേര്‍ന്നു.

Post a Comment

Previous Post Next Post