പട്ടാമ്പിയിലെ ഇ.എം.എസ് പാർക്ക് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു
ഭാരതപ്പുഴയുടെ തീരത്ത് പുതുതായി നിർമ്മിച്ച ഇ.എം.എസ് പാർക്ക് മാനസികോല്ലാസത്തിനും വിശ്രമത്തിനും ഉതകുന്ന ഒരിടമായി മാറുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. പട്ടാമ്പി ഇ.എം.എസ് പാർക്കിന്റെ ഉദ്ഘാടനവും, അമൃത് 2.0 കുടിവെള്ള പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനവും നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാരീരികക്ഷമത കുറയുന്നതും, മാനസിക പിരിമുറുക്കം കൂടുന്നതും ഒരു സാമൂഹിക പ്രശ്നമായി മാറുമ്പോൾ, അത്തരം പ്രശ്നങ്ങൾക്ക് ആശ്വാസം നൽകുന്ന ഇടങ്ങൾ ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു.
കുട്ടികളിൽ പോലും കായികക്ഷമതയുടെ കുറവും ജീവിതശൈലീ രോഗങ്ങളും കണ്ടുതുടങ്ങുന്നത് ആശങ്കാജനകമാണ്. ഐ.ടി. മേഖലയിലെ പുരോഗതിക്കൊപ്പം കായികരംഗത്തെ വികസനവും ഒരുപോലെ പ്രാധാന്യമർഹിക്കുന്നു. കൂടാതെ, യുവതലമുറയിൽ വർധിച്ചുവരുന്ന രാസലഹരി ഉപയോഗം സൃഷ്ടിക്കുന്ന ഭീഷണികളെ അതിജീവിക്കുന്നതിന് ഉദ്യാനങ്ങളും കളിസ്ഥലങ്ങളും വലിയൊരു പരിഹാരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പട്ടാമ്പിയിൽ ഭാരതപ്പുഴയുടെ തീരത്ത് നടന്ന പരിപാടിയിൽ മുഹമ്മദ് മുഹ്സിൻ എംഎൽഎ അധ്യക്ഷനായി.


