തിരുവേഗപ്പുറയിൽ ഒഴുക്കിൽപ്പെട്ടയാളുടെ മൃതദേഹം കണ്ടെത്തി.
പട്ടാമ്പി: തിരുവേഗപ്പുറ തൂതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മധ്യവയസ്കന്റെ മൃതദേഹം നാല് ദിവസത്തെ തിരച്ചിലിനൊടുവിൽ കണ്ടെത്തി. മലപ്പുറം ജില്ലയിലെ പേരശ്ശനൂർ ഭാഗത്തുള്ള പുഴയോട് ചേർന്ന തുരുത്തിൽനിന്നാണ് മൃതദേഹം കണ്ടെത്തിയത്. തിരുവേഗപ്പുറ അമ്പലനട സ്വദേശി ശിവദാസാണ് (60) കഴിഞ്ഞ നാല് ദിവസമായി തൂതപ്പുഴയിൽ കാണാതായത്.
ചൊവ്വാഴ്ച ഉച്ചയോടെ പുഴയിൽ തിരച്ചിൽ നടത്തിയ ഫയർഫോഴ്‌സ് അംഗമാണ് മൃതദേഹം കണ്ടെത്തിയത്. കാണാതായ സ്ഥലത്തുനിന്ന് ഏകദേശം 10 കിലോമീറ്റർ അകലെയാണ് മൃതദേഹം തങ്ങിനിന്നത്. ശക്തമായ മഴയെത്തുടർന്നുണ്ടായ കുത്തൊഴുക്കിൽ മൃതദേഹം ഒഴുകിപ്പോയതാകാമെന്ന് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ പറഞ്ഞു.
സംഭവം നടന്ന ദിവസം മുതൽ ഫയർഫോഴ്‌സ്, സ്കൂബ ടീം, സിവിൽ ഡിഫൻസ്, നാട്ടുകാർ എന്നിവർ ചേർന്ന് തിരുവേഗപ്പുറ പ്രദേശത്തെ തൂതപ്പുഴയിൽ തിരച്ചിൽ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായിരുന്നില്ല. തുടർന്ന് കഴിഞ്ഞ ദിവസം മുതൽ മലപ്പുറം ജില്ലയുടെ ഭാഗത്തേക്കും തിരച്ചിൽ വ്യാപിപ്പിക്കുകയായിരുന്നു. കുറ്റിപ്പുറം പാലം മുതൽ തിരുവേഗപ്പുറ വരെയുള്ള തൂതപ്പുഴയിലും ഭാരതപ്പുഴയിലുമായി മൂന്ന് സംഘങ്ങളായി തിരിഞ്ഞായിരുന്നു പരിശോധന.
മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരടക്കമുള്ള സംഘം എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.