മലപ്പുറം എടവണ്ണയിൽ ഒരു വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ വൻ ആയുധശേഖരം പിടിച്ചെടുത്തു. 20 എയർ ഗണ്ണുകളും മൂന്ന് റൈഫിളുകളും ഉൾപ്പെടെയുള്ള ആയുധങ്ങളാണ് എടവണ്ണ കളന്നൂർ കുന്നിലെ വീട്ടിൽ നിന്ന് കണ്ടെടുത്തത്. 200ൽ അധികം വെടിയുണ്ടകളും 40 പെല്ലറ്റ് ബോക്സുകളും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. സംഭവവുമായി ബന്ധപ്പെട്ട് വീട്ടുടമസ്ഥനായ ഉണ്ണിക്കമ്മദിനെ(69) എടവണ്ണ പൊലീസ് അറസ്റ്റ് ചെയ്തു.
എടവണ്ണ സ്റ്റേഷൻ ഹൗസ് ഓഫീസർ ബിനു ബി എസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് എസ് ഐ റെനി ഫിലിപ്പും സംഘവും റെയ്ഡിനെത്തിയത്. പൊലീസ് എത്തുമ്പോൾ വീട്ടുടമസ്ഥൻ ഉണ്ണിക്കമ്മദ് സ്ഥലത്തുണ്ടായിരുന്നു. വീടിന്റെ മുകൾ ഭാഗത്തുനിന്നും താഴത്തെ നിലയിലെ ഷട്ടറിട്ട ഭാഗത്തുനിന്നുമാണ് ആയുധങ്ങൾ കണ്ടെടുത്തത്. 113 സെന്റീമീറ്റർ നീളമുള്ള ഒരു റൈഫിൾ(.315), 12 ബോർ കാലിബറിലുള്ള ഒരു നാടൻ നിർമ്മിത തോക്ക്, 20 എയർ ഗണ്ണുകൾ എന്നിവ പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. കൂടാതെ, ഇന്ത്യൻ ഓർഡനൻസ് ഫാക്ടറിയിൽ നിർമ്മിച്ച വെടിയുണ്ടകൾ ഉൾപ്പെടെ 200ൽ അധികം കാട്രിഡ്ജുകളും കണ്ടെത്തി.: ഉണ്ണിക്കമ്മദിന് കൈവശം വെക്കാൻ ലൈസൻസ് ഉണ്ടായിരുന്നെങ്കിലും അത് നിശ്ചിത എണ്ണം റൈഫിളുകൾക്കും വെടിയുണ്ടകൾക്കും മാത്രമുള്ളതായിരുന്നു. പിടിച്ചെടുത്ത മറ്റ് ആയുധങ്ങൾക്കും, വിൽപനയ്ക്കായി സൂക്ഷിച്ച എയർ ഗണ്ണുകൾക്കും ലൈസൻസോ വിൽപന രേഖകളോ ഇയാളുടെ കൈവശം ഉണ്ടായിരുന്നില്ല. ആയുധങ്ങൾ അനധികൃതമായി സൂക്ഷിക്കുകയും വിൽപ്പന നടത്തുകയുമായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ആയുധങ്ങൾ എവിടെ നിന്ന് എത്തിച്ചു എന്നതിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.



