വീട്ടിലെ പഴയ പത്രക്കെട്ടുകളും നോട്ടുപുസ്തകങ്ങളും പ്ലാസ്റ്റിക് സഞ്ചികളുമെല്ലാം കൂടി അഞ്ചു ചാക്ക് നിറയെ സാധനങ്ങൾ ആക്രിക്കാർക്കു വിറ്റ ചാഴിയാട്ടിരിയിലെ യുവാവിനു കിട്ടിയത് എട്ടിന്റെ പണി


 വീട്ടിലെ പഴയ പത്രക്കെട്ടുകളും നോട്ടുപുസ്തകങ്ങളും പ്ലാസ്റ്റിക് സഞ്ചികളുമെല്ലാം കൂടി അഞ്ചു ചാക്ക് നിറയെ സാധനങ്ങൾ ആക്രിക്കാർക്കു വിറ്റ ചാഴിയാട്ടിരിയിലെ യുവാവിനു കിട്ടിയത് എട്ടിന്റെ പണി. പൊതുസ്ഥലത്ത് മാലിന്യം തള്ളിയതിന് 5,000 രൂപ പഞ്ചായത്തിൽ പിഴയായി ഒടുക്കേണ്ടിവന്നു. ആക്രിസാധനങ്ങൾ വാങ്ങിയവർ അവ പുഴയോരത്തു തള്ളിയതാണ് പണിയായത്.സാധനങ്ങൾ കൊടുത്ത് ദിവസങ്ങൾ കഴിഞ്ഞപ്പോഴാണ് വീട്ടിലേക്ക് നാഗലശ്ശേരി പഞ്ചായത്തിലെ ആരോഗ്യശുചിത്വ വിഭാഗം ഉദ്യോഗസ്ഥന്റെ ഫോൺസന്ദേശം വന്നത്. നിങ്ങളുടെ നഷ്ടപ്പെട്ട എടിഎം കാർഡ് കിട്ടിയിട്ടുണ്ടെന്നും നേരിട്ടെത്തിയാൽ തിരിച്ചുതരാമെന്നുമാണ് ഉദ്യോഗസ്ഥർ അറിയിച്ചത്. ഉദ്യോഗസ്ഥർ അയച്ചുനൽകിയ ലൊക്കേഷൻ സൂചനപ്രകാരം സ്ഥലത്തെത്തിയപ്പോഴാണ് ആക്രിക്കാരനുവിറ്റ പഴയ സാധനങ്ങളെല്ലാം 11-ാം വാർഡിലെ മാണിക്യാംകുന്ന് പൊറ്റയുടെ സമീപത്തുള്ള തോട്ടിൽ കുന്നുകൂടിക്കിടക്കുന്നതു കണ്ടത്.പഴയ സാധനങ്ങൾ കൊടുത്തതിൽ അറിയാതെപെട്ടതാണ് എടിഎം കാർഡെന്നും അവയിൽ നല്ലതെല്ലാമെടുത്ത് ചിതലുപിടിച്ച വസ്തുക്കൾ വാങ്ങിയവർ പൊതുസ്ഥലത്ത് തള്ളിയതാകാമെന്നും യുവാവ് പറഞ്ഞു. എന്നാൽ, തോട്ടിലെ ജലവും പരിസരവും മലിനപ്പെടുത്തിയതിെൻറ പേരിൽ ഉദ്യോഗസ്ഥർ യുവാവിന് 5,000 രൂപ പിഴ ചുമത്തുകയായിരുന്നു. യുവാവ് പിഴത്തുക അടച്ചു. നാഗലശ്ശേരി പഞ്ചായത്തിലെ ശുചിത്വ മിഷൻ ഇൻസ്പെക്ടർ ഡിവിൻ ദേവദാസ്, പഞ്ചായത്ത് അസി. സെക്രട്ടറി എം.കെ. സാജിദ് എന്നിവരാണ് പരിശോധന നടത്തിയത്.


Post a Comment

Previous Post Next Post