വിധവകളും നിരാലംബരുമായ സ്ത്രീകളെ മൊബൈല്‍ ഫോണിലൂടെ പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ചൂഷണത്തിനിരയാക്കിയ പ്രതിയെ അറസ്റ്റ് ചെയ്തു


 മലപ്പുറം: വിധവകളും നിരാലംബരുമായ സ്ത്രീകളെ മൊബൈല്‍ ഫോണിലൂടെ പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ചൂഷണത്തിനിരയാക്കിയ പ്രതിയെ അറസ്റ്റ് ചെയ്തു. എടപ്പറ്റ തൊടുക്കുഴി കുന്നുമ്മല്‍ മുഹമ്മദ് റിയാസാണ് (42) പോത്തുകല്‍ പൊലീസിന്റെ പിടിയിലായത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് സ്വത്ത് കവർന്ന കേസിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. മയക്കി പീഡിപ്പിക്കും പണവുമായി മുങ്ങും

സെപ്റ്റംബര്‍ രണ്ടിന് പോത്തുകല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇന്‍സ്‌പെക്ടര്‍ സി.എന്‍. സുകുമാരനും സംഘവും ചേർന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്. വിധവകളും നിരാലംബരുമായ സ്ത്രീകളെ മൊബൈല്‍ ഫോണിലൂടെ പരിചയപ്പെട്ട് അടുപ്പം സ്ഥാപിക്കുന്നതാണ് ഇയാളുടെ രീതി. പിന്നീട് വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിക്കും. തുടർന്ന് സ്ത്രീകളുടെ പണവും ആഭരണങ്ങളും കവര്‍ന്ന ശേഷം മുങ്ങുകയും ചെയ്യുമെന്ന് പൊലീസ് പറയുന്നു. വയനാട് പനമരത്തുള്ള ഭാര്യയുടെ കൂടെ ഒളിവില്‍ താമസിക്കുന്നതിനിടെയാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്നും പോത്തുകൽ പൊലീസ് വ്യക്തമാക്കി.


പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളില്‍ സമാന തട്ടിപ്പില്‍ ഇയാള്‍ക്കെതിരെ വേറെയും കേസുകളുണ്ട്. ജില്ല പൊലീസ് മേധാവി ആര്‍. വിശ്വനാഥിന്റെ നിര്‍ദേശപ്രകാരം നിലമ്പൂര്‍ ഡി വൈ.എസ്.പി സജു കെ. എബ്രഹാമിന്റെ നേതൃത്വത്തിലാണ് പ്രതിക്കായി അന്വേഷണം നടത്തിയത്. എസ്.ഐ മനോജ്, എസ്. സി.പി.ഒമാരായ അബ്ദുനാസര്‍, ശ്രീകാന്ത് എടക്കര, സാബിര്‍ അലി, സക്കീര്‍ ഹുസൈന്‍, സി.പി.ഒമാരായ ഷാഫി മരുത, ഷൈനി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Post a Comment

Previous Post Next Post