കോട്ടയം: ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ
മലങ്കര സഭയുടെ വിശ്വാസ പോരാളിയും പ്രാർത്ഥനയെ ആയുധമാക്കിയ ആത്മീയ നേതാവുമായ പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ ഒന്നാം ശ്രാദ്ധം 2025 നവംബർ ഒന്ന് ശനിയാഴ്ച അമ്പതിയൊന്നിന്മേൽ കുർബ്ബാന നടക്കും.
1974 മുതൽ 2024 വരെയുള്ള 51 വർഷങ്ങൾക്കാലം മലങ്കര യാക്കോബായ സുറിയാനി സഭയുടെ മേൽപ്പട്ടസ്ഥാനത്ത് നിലകൊണ്ട് അചഞ്ചലമായ സത്യവിശ്വാസത്തെ മുറുകെപ്പിടിച്ച് സഭയെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തു പരിപാലിച്ചിരുന്ന ബാവായെ അനുസ്മരിച്ച് അന്നേദിവസം രാവിലെ 7.30ന് പ്രഭാത നമസ്കാരവും, 8.30ന് വിശുദ്ധ അമ്പത്തിയൊന്നിന്മേൽ കുർബാനയും നടക്കും.
ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ പ്രത്യേകമായി ഒരുക്കുന്ന ത്രോണോസുകളിൽ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവാ മുഖ്യ കാർമികത്വം വഹിക്കും മെത്രാപ്പോലീത്തമാരായ ഡോ. തോമസ് മോർ തീമോത്തിയോസ്, ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ്, പൗലോസ് മോർ ഐറേനിയോസ്, ഐസക്ക് മോർ ഒസ്താത്തിയോസ് തിരുമേനിമാരുടെയുംവൈദീക ശ്രേഷ്ഠരുടെയും സഹ കാർമികത്വത്തിലും വിശുദ്ധ കുർബാന നടക്കും.
ഇന്ന് വൈകുന്നേരം അഞ്ചിന് സന്ധ്യാ നമസ്കാരത്തെ തുടർന്നു കോട്ടയം ഭദ്രാസന മെത്രാപ്പോലീത്ത ഡോ. തോമസ് മോർ തീമോത്തിയോസ് തിരുമേനിയുടെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ അമ്പത്തിയൊന്നിന്മേൽ കുർബാന നടക്കുന്ന താൽക്കാലിക ത്രോണോസ് കൂദാശ ചെയ്യും. കേരളത്തിൻ്റെ വിവിധ ഭദ്രാസനങ്ങളിലെ പള്ളികളിൽ നിന്ന് വിശ്വാസികൾ വിശുദ്ധ അമ്പതിയൊന്നിൻമേൽ കുർബ്ബാനയിൽ
പങ്കെടുക്കും.


