നെഞ്ചുവേദനയെ തുടർന്ന് കുഴഞ്ഞുവീണ യുവാവിന് ആംബുലൻസ് കിട്ടാത്തതിനെ തുടർന്ന് ജീവൻ നഷ്ടമായി.


 തൃശൂർ: നെഞ്ചുവേദനയെ തുടർന്ന് കുഴഞ്ഞുവീണ യുവാവിന് ആംബുലൻസ് കിട്ടാത്തതിനെ തുടർന്ന് ജീവൻ നഷ്ടമായി. ചാലക്കുടി മാരാംകോട് സ്വദേശി ശ്രീജിത്ത് (26) ആണ് മരിച്ചത്. മുംബൈ - എറണാകുളം ഓഖ എക്സ്പ്രസിൽ തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. ട്രെയിനിൽ തൃശ്ശൂരിലേക്ക് വരുന്നതിനിടയിൽ ഷൊർണ്ണൂർ പിന്നിട്ടപ്പോൾ നെഞ്ചുവേദന അനുഭവപ്പെട്ട ശ്രീജിത്ത് കുഴഞ്ഞു വീഴുകയായിരുന്നു. പിന്നീട് ഒപ്പം ഉണ്ടായിരുന്നവർ ടിടിഇയെ അറിയിച്ചെങ്കിലും തൊട്ടടുത്ത വള്ളത്തോൾ നഗർ സ്റ്റേഷനിൽ ട്രെയിൻ നിർത്തില്ല.തുടർന്ന് ശ്രീജിത്തിനെ മുളങ്കുന്നത്തുകാവ് റെയിൽവേ സ്റ്റേഷനിൽ ഇറക്കിയെങ്കിലും ആംബുലൻസ് ലഭിക്കാത്തതിനാൽ അരമണിക്കൂറോളം നേരം പ്ലാറ്റ്ഫോമിൽ കിടത്തി. പിന്നീട് ലഭിച്ച ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും യുവാവ് മരണപ്പെടുകയായിരുന്നു. അടിയന്തര സഹായത്തിന് ഹെൽപ്പ് ലൈൻ നമ്പറിൽ അടക്കം ബന്ധപ്പെട്ടിരുന്നു. പക്ഷേ തക്കസമയത്ത് ആംബുലൻസ് ലഭിക്കാതിരുന്നതാണ് യുവാവിന്‍റെ ജീവൻ നഷ്ടപ്പെടുന്നതിന് കാരണമായത്. ചാലക്കുടി മാരാംകോട് സ്വദേശി മുണ്ടോപ്പള്ളി സുബ്രന്‍റെ മകനാണ് മരണപ്പെട്ട ശ്രീജിത്ത്.മുളങ്കുന്നത്തുകാവ് സ്റ്റേഷനില്‍ യുവാവിനെ ഇറക്കിയെങ്കിലും ആശുപത്രിയിലെത്തിക്കാനുള്ള ഒരു സൗകര്യവും ചെയ്തില്ലെന്നാണ് വീട്ടുകാരുടെ ആക്ഷേപം. മുന്‍കൂട്ടി അറിയിപ്പ് ലഭിച്ചിട്ടും ആംബുലന്‍സ് സൗകര്യം പോലും ഒരുക്കിയില്ലെന്നും ആരോപണമുണ്ട്. അരമണിക്കൂറിന് ശേഷമാണ് ആംബുലന്‍സ് എത്തിയതെന്നും പറയുന്നു. ഇതിനിടെ യുവാവിന് നെഞ്ചുവേദന രൂക്ഷമാവുകയും പ്ലാറ്റ്ഫോമിൽ തന്നെ മരണം സംഭവിക്കുകയുമായിരുന്നു. ആംബുലന്‍സ് സൗകര്യം ഒരുക്കിയിരുനനെങ്കില്‍ ശ്രീജിത്തിന്‍റെ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്നാണ് വീട്ടുകാര്‍ പറയുന്നത്.



Post a Comment

Previous Post Next Post