വികസന നേട്ടങ്ങളില്‍ തിളങ്ങി ആലംങ്കോട് ഗ്രാമപഞ്ചായത്ത്.
ചങ്ങരംകുളം: അഭിമാനാര്‍ഹമായ വികസന നേട്ടങ്ങള്‍ അവതരിപ്പിച്ച് ആലംങ്കോട് ഗ്രാമപഞ്ചായത്ത് വികസന സദസ് നടത്തി. ചങ്ങരംകുളം എഫ്.എല്‍.ജി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങ് പി. നന്ദകുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് കെ.വി ഷഹീര്‍ അധ്യക്ഷത വഹിച്ചു. വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തയ്യാറാക്കിയ ലഘുലേഖ എംഎല്‍എ പ്രകാശനം ചെയ്തു.
പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ഇ. സിന്ധു മുഖ്യാതിഥി ആയി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ആരിഫ നാസര്‍, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ രാംദാസ് മാസ്റ്റര്‍ , പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ശരീഫ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷഹന നാസര്‍,അസിസ്റ്റന്റ് സെക്രട്ടറി കെ എസ് സുതന്‍ കൂടാതെ മറ്റു വാര്‍ഡ് മെമ്പര്‍മാരും പൊതുപ്രവര്‍ത്തകരും കുടുംബശ്രീ -ആശ -അങ്കണവാടി പ്രവര്‍ത്തകരും സംബന്ധിച്ചു
പഞ്ചായത്ത് ആരോഗ്യ മേഖലയില്‍ നാലു വര്‍ഷങ്ങളിലായി 2, 14,21,027 രൂപ ചിലവഴിച്ചു. പാലിയേറ്റീവ് കെയര്‍ സംവിധാനം ഫലപ്രദമായി നടത്താന്‍ പ്രതിവര്‍ഷം 12 ലക്ഷം രൂപ ചെലവഴിച്ചു. ഗവണ്‍മെന്റ് ആശുപത്രിയിൽ ഈവനിംഗ് ഒ.പി സംവിധാനം കൊണ്ടുവന്നു. ആരോഗ്യ മേഖലയിലെ പ്രവര്‍ത്തനത്തിന് 2024 - 25 ലെ സര്‍ക്കാരിന്റെ കായകല്‍പ് പുരസ്‌കാരം ലഭിച്ചു. ഭവന പദ്ധതിയ്ക്കായി നാല് വര്‍ഷത്തില്‍ 11,61,89, 346 രൂപ ചിലവഴിച്ചു. 312 വീടുകള്‍ ലൈഫ് പദ്ധതി വഴിയും 81 വീടുകള്‍ പി.എം.എ.വൈ പദ്ധതി വഴിയും നിര്‍മിച്ചു. വിദ്യാഭ്യാസ മേഖലയില്‍ 1, 05, 92,307 രൂപയുടെ വികസനം നടത്തി. എല്ലാ സര്‍ക്കാര്‍ സ്‌കൂളിലും ഇന്‍വെര്‍ട്ടറും മൈക്ക് സെറ്റും സ്ഥാപിച്ചു. സ്‌കൂളില്‍ വര്‍ണ കൂടാരം പദ്ധതി നടപ്പാക്കി. ജില്ലയിലെ മികച്ച മാലിന്യ സംസ്‌കരണപ്രവര്‍ത്തനം ആലംങ്കോട് ഗ്രാമ പഞ്ചായത്തിലാണ് നടക്കുന്നത്. പ്രതിമാസം മൂന്നു ലക്ഷം രൂപയുടെ വരുമാനമാണ് ഹരിത കര്‍മസേന പ്രവര്‍ത്തകര്‍ വഴി ലഭിക്കുന്നത്. കാര്‍ഷിക മേഖലയില്‍ 2,42,76,372 രൂപയുടെ പ്രവര്‍ത്തനം നടന്നു. ലഭ്യമായ ഫണ്ടിന്റെ 60% വും ഉത്പാദന മേഖലയ്കായി ചെലവഴിച്ചു വരുന്നു. വനിതകള്‍ക്കായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് 10,59, 23,511 രൂപ ചിലവഴിച്ചു. 53 കുടുംബങ്ങളെ ഘട്ടം ഘട്ടമായി അതിദാരിദ്ര്യത്തില്‍ നിന്നും മുക്തരാക്കി. സാമൂഹ്യ സുരക്ഷിത മേഖലയില്‍ 2,10,85,726 രൂപ ചിലവഴിച്ചു. കേരളത്തിന് തന്നെ മാതൃകയായ ചിറക്കുളം അങ്കണവാടി ആലംങ്കോട് ഗ്രാമപഞ്ചായത്തിലാണ്. കൂടാതെ ബ്ലോക്ക് പഞ്ചായത്തിലെ ഏറ്റവും കൂടുതല്‍ തൊഴിലാളികള്‍ക്ക് തൊഴില്‍ നല്‍കുന്നത് ആലംങ്കോട് പഞ്ചായത്താണ്. വര്‍ഷങ്ങളിലായി 11 കോടി 66 ലക്ഷം രൂപയുടെ പ്രവൃത്തി പൂര്‍ത്തീകരിച്ചു. അഞ്ചു ലക്ഷം രൂപയുടെ കയര്‍ ഭൂവസ്ത്രം വിവിധ തോടുകളില്‍ സ്ഥാപിച്ചു. ജില്ലയില്‍ തന്നെ ആദ്യമായി സംരംഭകത്വ ക്ലബ്ബ് എന്ന ആശയം നടപ്പിലാക്കി. പഞ്ചായത്തിന്റെ ചരിത്രത്തില്‍ തന്നെ കലാകാരന്മാരെ പങ്കെടുപ്പിച്ചുകൊണ്ട് ' കലാഗ്രാമം 'പദ്ധതി നടപ്പിലാക്കി.
ഒരു കോടി 50 ലക്ഷം രൂപയുടെ റോഡ് കോണ്‍ക്രീറ്റിംഗ് പ്രവൃത്തി നടത്തി. വിദ്യാര്‍ത്ഥികള്‍ക്ക് ദിശ എന്ന പേരില്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസ് നടത്തുന്നു. ചങ്ങരംകുളം ടൗണ്‍ നവീകരണത്തിന് 5.5 ചെലവഴിച്ചുള്ള പ്രവര്‍ത്തി നടക്കുന്നു. അഞ്ചു ലക്ഷം രൂപ ചെലവഴിച്ച് വിവിധ അങ്കണവാടികളുടെ നിര്‍മാണവും നടന്നുവരുന്നു.


