തിരുവനന്തപുരം സെൻട്രലിൽ നിന്ന് രാത്രി 8.30 ന് പുറപ്പെടുന്ന ട്രെയിൻ അടുത്ത ദിവസം ഉച്ചയ്ക്ക് 12.45 ന് രാമേശ്വരത്ത് എത്തിച്ചേരും. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 ന് രാമേശ്വരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ അടുത്ത ദിവസം പുലർച്ചെ 4.55 ന് തിരുവനന്തപുരത്തെത്തും. മധുരക്കും രാമേശ്വരത്തിനുമിടയിൽ മാനാമധുര, പരമക്കുടി, രാമനാഥപുരം എന്നിങ്ങനെ മൂന്ന് സ്റ്റോപ്പുകളാണ് അധികമായി വരുന്നത്. അതേസമയം കേരളത്തിലെ സമയക്രമത്തിൽ മാറ്റമില്ല. രാമേശ്വരത്ത് എത്തുന്ന അമൃത, അവിടെ നിന്നു രാമേശ്വരം-ചെന്നൈ എഗ്മോർ ബോട്ട്മെയിലായും, ചെന്നൈയിൽ നിന്നു രാമേശ്വരത്ത് എത്തുന്ന ബോട്ട്മെയിൽ അമൃതയായി തിരുവനന്തപുരത്തേക്കും സർവീസ് നടത്തും.
ഫലത്തിൽ കേരളത്തിനായി തുടങ്ങിയ ട്രെയിൻ ഇനി കൂടുതൽ ദൂരം ഓടുക തമിഴ്നാട്ടിലായിരിക്കും. ഒരു എ.സി ഫസ്റ്റ് ക്ലാസ് ടു ടയർ, ഒരു എ.സി ടു ടയർ, മൂന്ന് എ.സി ത്രീ ടയർ, 12 സ്ലീപ്പർ കോച്ചുകൾ, നാല് ജനറൽ കോച്ചുകൾ എന്നിങ്ങനെയാണ് ട്രെയിനിനുള്ളത്. പുതിയ പാമ്പൻ പാലം തുറന്നതോടെയാണ് അമൃത എക്സ്പ്രസുകൾ രാമേശ്വരത്തേക്ക് നീട്ടുന്നതിന് വഴി തുറന്നത്. റെയിൽവേ ബോർഡ് തീരുമാനത്തിന് പിന്നാലെ രാമേശ്വരത്തേക്കും തിരിച്ചുമുള്ള ടിക്കറ്റ് ബുക്കിങ്ങും ആരംഭിച്ചിട്ടുണ്ട്.
2001 ജനുവരിയിലാണ് തിരുവനന്തപുരം- പാലക്കാട് അമൃത എക്സ് ആരംഭിച്ചത്. പാലക്കാട്-ഷൊർണൂർ-നിലമ്പൂർ പാസഞ്ചറിന്‍റെ കണക്ഷൻ ട്രെയിനായും ഈ ട്രെയിൻ ഓടിയിരുന്നു. 2015 നവംബറിൽ പാലക്കാട് നിന്ന് പൊള്ളാച്ചിയിലേക്ക് സ്പെഷൽ ട്രെയിനായി പരീക്ഷണയോട്ടം തുടങ്ങി. 2017ലാണ് മധുരയിലേക്ക് ട്രെയിൻ നീട്ടിയത്. ഇപ്പോൾ രാമേശ്വരത്തേക്കും.


