കുന്നംകുളം നഗരസഭയില്‍ രണ്ട് ഓപ്പണ്‍ ജിമ്മുകൾ കൂടി പ്രവര്‍ത്തനമാരംഭിച്ചു. കാണിപ്പയ്യൂര്‍, ആനായ്ക്കല്‍ എന്നിവിടങ്ങളിൽ ആരംഭിച്ച ഓപ്പൺ ജിമ്മുകൾ നഗരസഭ ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
കാണിപ്പയ്യൂര്‍ ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷന്റെ പരിസരത്തും, ആനായ്ക്കല്‍ സെന്ററില്‍ ചീരംകുളം ക്ഷേത്രം റോഡിലുമാണ് ജിമ്മുകൾ സജ്ജീകരിച്ചിട്ടുള്ളത്. ജീവിതശൈലീ രോഗങ്ങളെ ചെറുക്കുന്നതിനും ആരോഗ്യമുള്ള സമൂഹത്തെ വാര്‍ത്തെടുക്കുന്നതിനുമായി നഗരസഭയില്‍ പത്തിടത്താണ് ഓപ്പണ്‍ ജിം സജ്ജീകരിച്ചിട്ടുള്ളത്. ഇതില്‍ മൂന്നിടത്ത് ഓപ്പണ്‍ ജിം പ്രവര്‍ത്തനമാരംഭിച്ചു. മറ്റുള്ളവ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും.
വൈസ് ചെയര്‍പേഴ്സണ്‍ സൗമ്യ അനിലന്‍ ചടങ്ങിന് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ സജിനി പ്രേമന്‍, ടി. സോമശേഖരന്‍, പ്രിയ സജീഷ്, പി.കെ ഷെബീര്‍, കൗൺസിലര്‍മാരായ എം.വി വിനോദ്, പി.വി സജീവന്‍, ടി.ബി ബിനീഷ്, നഗരസഭ സെക്രട്ടറി കെ.കെ മനോജ് തുടങ്ങിയവര്‍ പങ്കെടുത്തു.



