'കേരളീയ വാദ്യപാരമ്പര്യം തക്കിട്ട' പുസ്തകം പ്രകാശനം നടത്തി 'കേരളീയ വാദ്യപാരമ്പര്യം തക്കിട്ട' പുസ്തകം പ്രകാശനം നടത്തി.
എടപ്പാൾ കണ്ടനകം ആസ്ഥാനമായി പ്രവർത്തിക്കുന്ന സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യത്തിൻ്റെ സമഗ്ര വാദ്യകലാചരിത്ര ഗ്രന്ഥമായ 'കേരളീയ വാദ്യപാരമ്പര്യം തക്കിട്ട യുടെ പ്രകാശനം നടത്തി.കണ്ടനകം ഐഡിടിആർ ഓഫിസിനു സമീപം സോപാനം സ്കൂളിന്റെ സഭാമണ്ഡപത്തിൽ നടന്ന പ്രകാശന ചടങ്ങ് കെ ടി ജലീല്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ അധ്യക്ഷനായി. ആലങ്കോട് ലീലാകൃഷ്ണന്‍ ആമുഖ പ്രഭാഷണം നടത്തി. പി നന്ദകുമാര്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി.
പതിനായിരത്തിൽപ്പരം വാദ്യകലാകാരന്മാരുടെ വിവരങ്ങൾ, പ്രശസ്തരായ പതിനഞ്ചോളം ചരിത്രകാരന്മാരുടെയും പ്രഗത്ഭ വാദ്യകലാകാരന്മാരുടെയും ലേഖനങ്ങൾ, കഥകളി, പഞ്ചവാദ്യം, തായമ്പക, മേളങ്ങൾ, കേളി, പാണി, കലശക്കൊട്ട്, സന്ധ്യവേല, കൊമ്പ് പറ്റ്, കുഴൽ പറ്റ് ഉൾപ്പെടെയുള്ള വിവിധ അവതരണങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ, വിശദമായ താളപദ്ധതികൾ എന്നിവയും ഗ്രന്ഥത്തിലുണ്ട്.സാമവേദം, നാട്യശാസ്ത്രം, ചുമർചിത്രകല, ദാരുശില്പം, ഫോക്ലോർ, ഗുരുമുഖത്തുനിന്നറിഞ്ഞ വായ്മൊഴികൾ തുടങ്ങിയ വിവിധ സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങളും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള പ്രധാന ക്ഷേത്രങ്ങളിലെ വാദ്യപാരമ്പര്യത്തിന്റെ വിവരങ്ങളും പഴയകാല ചിത്രങ്ങളും ഉൾപ്പെടുന്ന കേരളീയ വാദ്യകലാചരിത്രത്തിലെ ആദ്യത്തെ സമഗ്ര ഗ്രന്ഥമാണിത്. സോപാനത്തിന്റെ നാള്‍വഴികളെക്കുറിച്ച് സന്തോഷ് ആലങ്കോട് സംസാരിച്ചു. പരിപാടിയില്‍ പുസ്തകത്തിന്റെ ഒന്നാം വാള്യം മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാന്‍ കേരള സംഗീതനാടക അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി, കലാമണ്ഡലം ഉണ്ണികൃഷ്ണന്‍ എന്നിവര്‍ക്ക് നല്‍കി പ്രകാശിപ്പിച്ചു. രണ്ടാംവാള്യം കരിയന്നൂര്‍ നാരായണന്‍ നമ്പൂതിരി ഡോ. സി എം നീലകണ്ഠന്‍, ഡോ. കെ എ രവീന്ദ്രന്‍ എന്നിവര്‍ക്ക് നല്‍കി പ്രകാശിപ്പിച്ചു. മൂന്നാം വാള്യം ആലങ്കോട് ലീലാകൃഷ്ണന്‍ കുഞ്ഞിരാമ മാരാര്‍, കോട്ടക്കല്‍ രവി എന്നിവര്‍ക്ക് നല്‍കി പ്രകാശിപ്പിച്ചു. മനോജ് എമ്പ്രാന്തിരി, മട്ടന്നൂര്‍ ശ്രീകാന്ത്, മട്ടന്നൂര്‍ ശ്രീരാജ്, രാജന്‍ പുതുമന, കലാമണ്ഡലം സോമന്‍, അജിത് കൊളാടി, കെ ജി ബാബു, ടി വി ശിവദാസ്, ബഷീര്‍ തുറയാറ്റില്‍, ഭാസ്‌കരന്‍ വട്ടംകുളം, അടാട്ട് വാസുദേവന്‍, ഉണ്ണി ശുകപുരം, സനല്‍കുമാര്‍, കെ വി ഉണ്ണികൃഷ്ണന്‍, മുരളി പാറക്കല്‍ എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ കുറുങ്ങാട്ടുമന വാസുദേവന്‍ നമ്പൂതിരി സ്വാഗതവും ടി പി മോഹനന്‍ നന്ദിയും പറഞ്ഞു.



