യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, നാളെ മുതല്‍ ഇന്ത്യൻ റെയില്‍വേയുടെ വര്‍ധിപ്പിച്ച ടിക്കറ്റ് നിരക്ക്, 215 കി.മി വരെ ഓര്‍ഡിനറി ടിക്കറ്റിന് വില കൂടില്ല


 ദില്ലി: നാളെ മുതല്‍ ഇന്ത്യൻ റെയില്‍വേയുടെ വർധിപ്പിച്ച പുതിയ ടിക്കറ്റ് നിരക്ക് നിലവില്‍ വരും. 215 കിലോമീറ്റര്‍ വരെയുള്ള ഓര്‍ഡിനറി ക്ലാസുകളിലെ യാത്രാനിരക്കില്‍ മാറ്റമില്ല.എന്നാല്‍ ഓര്‍ഡിനറി ക്ലാസുകളില്‍ 215 കിലോമീറ്ററില്‍ കൂടുതലാണെങ്കില്‍ നിരക്ക് കൂടും. കിലോമീറ്ററിന് 1 പൈസയാണ് കൂടുന്നത്. മുംബൈ പോലുള്ള നഗരങ്ങളിലെ സബർബൻ ട്രെയിനുകളിലും നിലവിലെ നിരക്ക് തുടരും. പ്രതിമാസ സീസണ്‍ ടിക്കറ്റ് നിരക്കും കൂടില്ല. ഇത്രയുമാണ് മാറ്റമില്ലാത്ത വിഭാഗങ്ങള്‍. 500 കിലോമീറ്റർ ദൂരമുള്ള നോണ്‍-എസി യാത്രയ്ക്ക് 10 രൂപ അധികമായി നല്‍കേണ്ടി വരും.ഉദാഹരണത്തിന് തിരുവനന്തപുരം മുതല്‍ ചെന്നൈ വരെ പോകാൻ 10 രൂപ അധികം കരുതണം. മെയില്‍/എക്സ്പ്രസ് ട്രെയിനുകളില്‍ നോണ്‍ എസി ക്ലാസില്‍ കിലോമീറ്ററിന് 2 പൈസ കൂടും. തിരുവനന്തപുരം മുതല്‍ ചെന്നൈ വരെയുള്ള യാത്ര നോക്കിയാല്‍ 20 രൂപ അധികം ചെലവാകും. സാധാരണക്കാരായ യാത്രക്കാരെയും കുറഞ്ഞ വരുമാനക്കാരെയും ഇത് പ്രതികൂലമായി ബാധിക്കില്ല എന്നാണ് കേന്ദ്രം അവകാശപ്പെടുന്നത്. ഏകദേശം 600 കോടി രൂപയുടെ വരുമാന നേട്ടമാണ് നിരക്ക് വർധനയിലൂടെ ലക്ഷ്യമിടുന്നത്. ജൂലൈയിലെ നിരക്ക് വർദ്ധനവിലൂടെ ഇതുവരെ 700 കോടി രൂപയുടെ വരുമാനം നേടിയാതായാണ് റെയില്‍വേ മന്ത്രാലയത്തിന്റെ കണക്ക്.

Post a Comment

Previous Post Next Post