സമാപന സമ്മേളനത്തിലെ മുഖ്യാതിഥിയായി തിത്തിമ്മുമ്മ എത്തി


 വെളിയങ്കോട്: എംടിഎം കോളേജ് എൻഎസ്എസിന്റെ പുലരി സപ്തദിന ക്യാമ്പിന്റെ സമാപന സമ്മേളനത്തിലെ മുഖ്യാഥിതിയും ഉദ്‌ഘാടകയും മറ്റാരുമല്ല ക്യാമ്പിൽ ഏഴുദിവസവും ഭക്ഷണം വെക്കാൻ സഹായിച്ച കാലങ്ങളായി വെളിയങ്കോട് തവളക്കുളം ജിഎൽപി സ്‌കൂളിൽ കുട്ടികൾക്ക് ഭക്ഷണം വെച്ച് കൊടുക്കുന്ന, ആ വരുമാനംകൊണ്ട് ഒറ്റക്ക് ജീവിക്കുന്ന ഏതാണ്ട് എഴുപത്തിയഞ്ച് വയസ് പ്രായമുള്ള തിത്തിമ്മുമ്മയായിരുന്നു. സമാപന സമ്മേളനത്തിൽ അതിഥി ആരായിരിക്കണം എന്ന് ക്യാമ്പ് അംഗങ്ങളുമായി ചർച്ച ചെയ്തപ്പോൾ അവർതന്നെയാണ് ഇങ്ങനെ ഒരു നിദേശം വെച്ചത്. തിത്തിമ്മുമ്മക്കുള്ള മൊമെന്റോ എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ആഷിക് സമ്മാനിച്ചു. തന്റെ ജീവിതത്തിൽ ആദ്യമായാണ് ഇങ്ങനെ ഒന്നിൽ പങ്കെടുക്കുന്നതും ഇതുപോലൊരു സമ്മാനം ലഭിക്കുന്നത് എന്നും കുട്ടികൾക്ക് നന്മ വരുത്തട്ടെ എന്നും അവർ പറഞ്ഞു. എല്ലാ വിദ്യാർത്ഥികളെയും ആശ്ലേഷിച്ചു കൊണ്ടാണ് അവർ യാത്ര പറഞ്ഞത്. ഏറെ വൈകാരികമായ മുഹൂർത്തങ്ങൾ ഉണ്ടായി. ക്യാമ്പ് ഡയറക്ടർ സുഹൈബ് സമാപന സമ്മേളനത്തിന്റെ അധ്യക്ഷത വഹിച്ചു. അധ്യാപകരായ ശ്യാം പ്രസാദ്, റഹിയാനത്ത് ലൈബ്രെറിയൻ ഫൈസൽ ബാവ എന്നിവർ സംസാരിച്ചു. വിദ്യാർഥികൾ ക്യാമ്പ് അനുഭവങ്ങൾ പങ്കുവെച്ചു. ആദിത്യൻ സ്വാഗതവും, സൽമത്ത് നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post