ഹൃദയാഘാതം: നിയുക്ത ഗ്രാമപഞ്ചായത്തംഗം മരിച്ചു
മീനടം: ഇന്നു സത്യപ്രതിജ്‌ഞ ചെയ്യാനിരിക്കെ നിയുക്‌ത ഗ്രാമപഞ്ചായത്ത് അംഗം ഹൃദയാഘാതത്തെത്തുടർന്നു മരണമടഞ്ഞു. മീനടം പഞ്ചായത്ത് ഒന്നാം വാർഡ് കോൺഗ്രസ് അംഗം മീനടം തച്ചേട്ട് പ്രസാദ് നാരായണനാണ് (62)അന്തരിച്ചത്.
സംസ്കാരം തിങ്കളാഴ്ച രാവിലെ 11-ന് വീട്ടുവളപ്പിൽ. ഇന്നലെ ഉച്ചയോടെ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട പ്രസാദ് നാരായണൻ പാമ്പാടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. നില ഗുരുതരമായതോടെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കഴിഞ്ഞ ആറു തെരഞ്ഞെടുപ്പുകളിൽ മീനടം പഞ്ചായത്തിലെ വിവിധ വാർഡുകളിൽനിന്ന് ഇദ്ദേഹം വിജയിച്ചിരുന്നു. ഏഴാം തവണയാണ് ഇത്തവണ പട്ടിക ജാതി സംവരണ വാർഡായ ഒന്നാം വാർഡ് ചീരംകുളത്തുനിന്നും തെരഞ്ഞെടുക്കപ്പെട്ടത്. മൂന്നു പതിറ്റാണ്ട് ജനപ്രതിനിധിയായി സേവനം ചെയ്തു. ഭാര്യ: പ്രീതാ പ്രസാദ്. ഏകമകൻ: ഹരി നാരായണൻ.


