പൊന്നാനി താലൂക്കിലെ ഗ്രന്ഥകാരുടെ കൂട്ടായ്മയായ പൊന്നാനിക്കളരിയും, വെളിയങ്കോട് എം ടി എം കോളേജ് വി കെ ഐഷക്കുട്ടിഉമ്മ മെമ്മോറിയൽ ലൈബ്രറിയും സംയുക്തമായി പുസ്തകച്ചർച്ച സംഘടിപ്പിച്ചു. ഡോ.ഹരി ആനന്ദകുമാറിൻ്റെ "ഗാസ '' എന്ന കവിതാ സമാഹാരമാണ് ചർച്ചയ്ക്കെടുത്തത്.
എഴുത്തിൻ്റെ പെരുന്തച്ഛൻ ശ്രീ.എം.ടി.വാസുദേവൻ നായരുടെ ഓർമ്മദിനമായ ഡിസംബർ 25 ന് സംഘടിപ്പിച്ച പരിപാടി, അദ്ദേഹത്തിൻ്റെ ദീപ്തമായ ഓർമ്മകൾക്ക് മുൻപിൽ പ്രണാമമർപ്പിച്ചു കൊണ്ട് മൗനപ്രാർത്ഥനയോടെ ആരംഭിച്ചു.
ഒരു ജനതയുടെ ദൈന്യതയേയും കണ്ണീരിനെയും ആവിഷ്ക്കരിക്കുന്നതോടൊപ്പം, ആ ജനതയുടെ പ്രതിരോധത്തിൻ്റെ കരുത്തിനേയും, അതിജീവനത്തിൻ്റെ ആകാശത്തേയും കൂടി തുറന്നു വെയ്ക്കുന്ന എഴുപത്തി ആറ് കവിതകളുടെ സമാഹാരമായ ഈ പുസ്തകം, സമകാലിക ഇന്ത്യൻ സാഹചര്യത്തിൽ പ്രതിരോധത്തിൻ്റെയും, പ്രത്യാശയുടേയും വഴികൾ തുറന്നിടേണ്ടതെങ്ങനെ എന്നതിലേക്കുള്ള ചൂണ്ടുപലക കൂടിയാണെന്ന് പുസ്തക പരിചയം നടത്തിയ കെ.വി. നദീർ പറഞ്ഞു.
നിർമ്മല അമ്പാട്ട് അധ്യക്ഷയായിരുന്നു. സൗദ പൊന്നാനി സ്വാഗതം പറഞ്ഞു. ഇ ഹൈദരലി, റഫീഖ് പട്ടേരി, ഫൈസൽ ബാവ, എം എ ഹസീബ്, ബഹിയ, ആരിഫ അവുതൽ, സഹീറ സെയ്ദ്, നജ്മു കുഞ്ഞി ബാവ, റഷീദ് വെളിയങ്കോട്, സലാം ഒളാട്ടയിൽ, ടി എഫ് നാഹിദ, അരവിന്ദാക്ഷൻ, ഫാറൂഖ് വെളിയങ്കോട്, ജംഷീല, മുർഷിദ കടവനാട്, കമറുദ്ദീൻ, സജീഷ് എന്നിവർ പുസ്തകച്ചർച്ചയിൽ പങ്കെടുത്ത് ഗാസയിലെ കവിതകൾ ചൊല്ലിയും, അവയുടെ ആഖ്യാന തലങ്ങളെ കുറിച്ചും, ഭാഷാപരവും, ഭാവുകത്വ പരവുമായ പരിസരങ്ങളെ കുറിച്ചും ആഴത്തിൽ പരിശോധിച്ചു.
ഗാസയെ ചർച്ചയ്ക്കെടുത്ത പൊന്നാനിക്കളരിക്ക്, ഡോ.ഹരി ആനന്ദകുമാർ മറുപടി പ്രസംഗത്തിൽ നന്ദി രേഖപ്പെടുത്തി.
ക്രിസ്തുമസ് ആഘോഷങ്ങളുടെ പേരിൽ ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുന്ന അപര മതവിദ്വേഷത്തിൻ്റെ ഇരകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട്, പുസ്തകച്ചർച്ചക്ക് ശേഷം പൊന്നാനിക്കളരി ക്രിസ്തുമസ് കേക്ക് പങ്കിട്ടു.


