തൃശൂർ കിഴക്കേകോട്ട കോരത്ത് ലൈനിൽ പ്രവർത്തിക്കുന്ന ബേക്കറിയിൽ അഗ്നിബാധ.പാപ്പം ബേക്കറിയിലാണ് തീപിടിത്തം ഉണ്ടായത്. അപകടത്തിൽ ഉടമസ്ഥൻ ബാലു ജീവനക്കാരായ വർഗീസ്, ശാന്ത എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും ഉടൻ തൃശൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
പാചകവാതക സിലിണ്ടർ ചോർന്നതിനെ തുടർന്ന് തീപിടിച്ചതാണെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. വിവരമറിയിച്ചതിനെ തുടർന്ന് രണ്ട് യൂണിറ്റ് അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ അനിൽകുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്. കൂടുതൽ അപകടങ്ങൾ ഒഴിവായതായി ഫയർഫോഴ്സ് അറിയിച്ചു.


