സ്വച്ഛ് സർവേക്ഷൺ 2025ന്റെ ഭാഗമായി കുന്നംകുളം നഗരസഭ പാർക്കാടി പൂരത്തെ സമ്പൂർണ ഹരിതചട്ടങ്ങൾ പാലിച്ചുകൊണ്ട് ‘സ്വച്ഛ് ഉത്സവം’ ഒരുക്കി.കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പതിനായിരങ്ങൾ പങ്കെടുക്കുന്ന ഉത്സവ നഗരിയിൽ ശുചിത്വത്തിനും പരിസ്ഥിതി സംരക്ഷണത്തിനും നഗരസഭ മുൻതൂക്കം നൽകി.
നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പൂർണമായും ഒഴിവാക്കുന്നതിന് നഗരസഭ കർശന നടപടികൾ സ്വീകരിച്ചു. പൂരപ്പറമ്പിലും സമീപ വ്യാപാര സ്ഥാപനങ്ങളിലുമായി നഗരസഭയുടെ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പരിശോധന നടത്തി ഹരിതചട്ടപാലനം ഉറപ്പാക്കി.
മാലിന്യസംസ്‌കരണത്തിനായി പ്രത്യേക ക്രമീകരണങ്ങളാണ് ഒരുക്കിയത്. പൂരപ്പറമ്പിൽ വിവിധ ഭാഗങ്ങളിലായി അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്നതിനുള്ള കുട്ടകളും ബോട്ടിൽ ബൂത്തുകളും സ്ഥാപിച്ചു.
പൂരത്തിന് എത്തുന്ന ജനങ്ങൾക്കായി ആസ്പിറേഷണൽ ടോയ്ലറ്റ് മോഡലിൽ പബ്ലിക് ടോയ്ലറ്റ് ഒരുക്കുകയും അവയിൽ നിന്നുള്ള കക്കൂസ് മാലിന്യം നഗരസഭയുടെ മൊബൈൽ ട്രീറ്റ്മെന്റ് യൂണിറ്റ് ഉപയോഗിച്ച് ശാസ്ത്രീയമായി സംസ്കരിക്കുകയുമാണ് ചെയ്യുന്നത്.
സ്വച്ഛ് സർവേക്ഷന്റെ ആശയം പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനായി റോഡരികിൽ പ്രത്യേക സെൽഫി പോയിന്റും നഗരസഭ ഒരുക്കി. തലയെടുപ്പുള്ള ആനകളുടെയും കേരളത്തിന്റെ പരമ്പരാഗത കലാരൂപമായ കഥകളിയുടെയും രൂപങ്ങൾ ഉൾക്കൊള്ളുന്ന സെൽഫി പോയിന്റ് പൂരത്തിനെത്തിയ കുട്ടികളും മുതിർന്നവരും ഉൾപ്പെടെയുള്ളവരുടെ ശ്രദ്ധ ആകർഷിച്ചു.
പൂരപ്പറമ്പിലും പരിസര പ്രദേശങ്ങളിലും അഞ്ച് കേന്ദ്രങ്ങളിലായി നഗരസഭയുടെ മൺ കൂജകൾ വഴി കുടിവെള്ള വിതരണവും ഏർപ്പെടുത്തിയിരുന്നു. പൂരത്തിന് പിറ്റേദിവസം തന്നെ പൂരപ്പറമ്പ് പൂർണമായും വൃത്തിയാക്കുന്നതിനായി പ്രത്യേക ക്ലീനിങ് പദ്ധതി നഗരസഭ തയ്യാറാക്കിയിട്ടുണ്ട്.
നഗരസഭ ചെയർപേഴ്സൺ, വൈസ് ചെയർമാൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലർമാർ, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ ഹരിത കർമ്മ സേന, ശുചീകരണ വിഭാഗം തൊഴിലാളികൾ, തൊഴിലുറപ്പ് വിഭാഗം തൊഴിലാളികൾ എന്നിവരെ ഉൾപ്പെടുത്തി വിപുലമായ മാസ് ക്ലീനിങ് പ്രവർത്തനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.



