കുടുംബശ്രീ ദേശീയ സരസ് മേളയുടെ രണ്ടാം ദിനം സംഘടിപ്പിച്ച "തൃത്താലയുടെ ചരിത്ര വഴികൾ" സെമിനാർ വേറിട്ട അനുഭവമായി. സമൂഹത്തിലെ അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും പുരോഗമനപരമായ ആശയങ്ങൾ കൊണ്ടു ഭേദിച്ചു മുന്നേറിയ നവോത്ഥാന നായകൻമാർ കേരളീയ സാമൂഹ്യ വികസന ചരിത്ര നിർമ്മിതിയിൽ നൽകിയ സംഭാവനകളുടെ വീണ്ടെടുപ്പായി സെമിനാർ മാറി.
മനുഷ്യകുലത്തിന്റെ ആകെ തുകയാണ് ചരിത്രം. അത് ജനതയുടേതാണ്. നീതിബോധത്തിൽ അധിഷ്ഠിതമായ ചരിത്ര രചനയാണ് ആവശ്യം. ചരിത്രത്തെ വസ്തുനിഷ്ഠമായി അവലോകനം ചെയ്യാനും അപഗ്രഥിക്കാനും ജനങ്ങളുടെ മനസിൽ താൽപര്യമുണ്ടാകണം. വസ്തുനിഷ്ഠമായ ചരിത്രമെഴുതാൻ എല്ലാ ചരിത്രകാരൻമാർക്കും ഉത്തരവാദിത്ത
മുണ്ട്. ജാതീയമായ ഉച്ചനീചത്വങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കുമെതിരേ ത്യാഗോജ്ജ്വലമായ സമരപോരാട്ടങ്ങൾ അരങ്ങേറിയ മണ്ണാണ് തൃത്താലയുടേത്. തൃത്താല പഠിപ്പിച്ച പാഠങ്ങൾ വളരെ പുരോഗമനപരമായിരുന്നു. മനുഷ്യനെ മനുഷ്യനായി കാണണമെന്നാണ് അന്നത്തെ സാമൂഹ്യപരിഷ്ക്കർത്താക്കളും നവോത്ഥാന നായകരും പഠിപ്പിച്ചതെന്നും സെമിനാറിൽ അഭിപ്രായപ്പെട്ടു.
അമ്മു സ്വാമിനാഥൻ വേദി രണ്ടിൽ സംഘടിപ്പിച്ച സെമിനാറിൽ ടി.കെ നാരായണ ദാസ് മോഡറേറ്റ്റായി. സെമിനാറിൽ "തൃത്താലയുടെ ചരിത്രവഴികൾ", "ഭൂപരിഷ്ക്കരണവും സാമൂഹ്യ മാറ്റങ്ങളും', "നിളാ നദീതടത്തിലെ ഇരുമ്പു യുഗവും മഹാശിലാ സംസ്ക്കാരവും' എന്നീ വിഷയങ്ങളിൽ യഥാക്രമം ഡോ. അജിത് കൊളാടി, ഡോ.കെ. രാജൻ, ഡോ. സി.പി രമ്യ എന്നിവർ സംസാരിച്ചു. ഡോ.കെ.കെ രാമചന്ദ്രൻ സ്വാഗതവും കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ ശ്രീരേഖ നന്ദിയും പറഞ്ഞു.


