തൃത്താല : ദേശീയ സരസ് മേളയുടെ രണ്ടാം ദിനം ഫുഡ്കോർട്ടിൽ ഭക്ഷ്യവൈവിധ്യങ്ങൾ ആസ്വദിക്കാനെത്തിയ ആയിരക്കണക്കിന് സന്ദർശകരെ മധുരമായ സ്വരസംഗീതം കൊണ്ടും,വടിവൊത്ത നൃത്തചുവടുകൾ കൊണ്ടും ഒരു കലാവിരുന്ന് തന്നെ ഒരുക്കിയാണ് കുടുംബശ്രീ കലാകാരികൾ
വരവേറ്റത്. "പെൺപെരുമ" കുടുംബശ്രീ അംഗങ്ങളുടെ കലാപരിപാടിയുടെ ആദ്യദിനം ഇന്ത്യൻ ഫുഡ് കോർട്ടിനുള്ളിലെ വേദി 2, അമ്മു സ്വാമിനാഥനിൽ ആനക്കര,ചാലിശ്ശേരി,പട്ടിത്തറ, മേലാർകോട് സി.ഡി.എസുകളിലെ നൂറിലേറെ കലാകാരികളാണ് കണ്ണഞ്ചിപ്പിക്കുന്ന പ്രകടനങ്ങൾ കാഴ്ചവെച്ച് കയ്യടി നേടിയത്. ഫോക്ക്ഡാൻസ്,നാടൻപാട്ട്,ഭരതനാട്യം,മാപ്പിളപാട്ട്,വീരനാട്ടം, കവിത തുടങ്ങിയ ഇനങ്ങളിലായി ഇരുപതോളം കലാപരിപാടികൾ വേദിയിലരങ്ങേരി. മേലാർകോട് സി.ഡി.എസിൽ നിന്നുമെത്തിയ രതിചേച്ചിയുടെ അത്യുഗ്രൻ നാടൻ പാട്ടുകളും, ആനക്കര സി.ഡി.എസിൽ നിന്നുമെത്തിയ സോയയുടെ അതിമനോഹരമായ ഭരതനാട്യവും കാണികളെ പുളകം കൊള്ളിച്ച പ്രകടനങ്ങളിൽ എടുത്തുപറയേണ്ടതാണ്. പരിപാടിയുടെ അവസാനം പങ്കെടുത്ത കലാകാരികളെ മൊമെൻ്റോ നൽകി ആദരിച്ചു. ആദ്യദിനം അതിഗംഭീരമായി തുടങ്ങിയ "പെൺപെരുമ"
സരസ്മേളയുടെ അവസാന ദിനംവരെ വേദി രണ്ടിൽ അരങ്ങേറും.


