ചാലിശ്ശേരി: സരസ് നഗരിയിലെ മഞ്ഞണിഞ്ഞ രാത്രിയെ സംഗീത ലഹരിയിലാഴ്ത്തി 'ത്രയ' മ്യൂസിക്കൽ ഫ്യൂഷൻ. കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ദേശീയ സരസ് മേളയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ ശരത്, പ്രമുഖ കീബോർഡ് പ്ലെയർ പ്രകാശ് ഉള്ള്യേരി എന്നിവർ ചേർന്ന് നടത്തിയ സംഗീത വിരുന്നാണ് കാണികളെ ത്രസിപ്പിച്ചത്.
മേളയുടെ ഭാഗമായി ഇന്നലെ വൈകുന്നേരം 7 മണിയോടെയാണ് പ്രമുഖ കലാകാരന്മാർ അണിനിരന്ന 'ത്രയ' മ്യൂസിക്കൽ ഫ്യൂഷൻ അരങ്ങേറിയത്.
ചെണ്ടയുടെയും ആധുനിക സംഗീത ഉപകരണങ്ങളുടെയും മനോഹരമായ സമന്വയമാണ് 'ത്രയ'യിലൂടെ ആസ്വാദകർക്ക് മുന്നിലെത്തിയത്.
സരസ് മേളയുടെ ആദ്യ ദിനത്തെ സംഗീത വിരുന്നിനായ് നിരവധി കാണികളാണ് മേളയിലേക്ക് എത്തിച്ചേർന്നത്.


