ചാലിശ്ശേരി: മണ്ണും മനസ്സും തൊട്ടറിയുന്ന നാടൻ പാട്ടുകളുടെ താളത്തിൽ അലിഞ്ഞു ചേരുകയായിരുന്നു ചാലിശ്ശേരി സരസ് മേളയിലെ അമ്മു സ്വാമി നാഥൻ വേദി. സുബ്രഹ്മണ്യൻ കക്കാട്ടിരിയും സംഘവും അവതരിപ്പിച്ച 'ഫോക് വോയിസ്' നാടൻപാട്ട് സരസ് മേളയിലെ ജനപങ്കാളിത്തമുള്ള പരിപാടികളിലൊന്നായി മാറി. തോറ്റം പാട്ടിന്റെ ഭക്തിസാന്ദ്രമായ ഈരടികളോടെ തുടങ്ങിയ പരിപാടി നിമിഷങ്ങൾക്കുള്ളിൽ സദസ്സിനെ താളത്തിനൊപ്പം തുള്ളിച്ചു.
"പൊലിക പൊലിക ഒന്നായ് പൊലിക" എന്ന പാട്ടിന്റെ അകമ്പടിയോടെ തെയ്യക്കോലം വേദിയിൽ പ്രത്യക്ഷപ്പെട്ടത് കാണികളിൽ വിസ്മയമുണർത്തി. വേദിയിൽ നിന്നും സദസ്സിലേക്ക് ഇറങ്ങിവന്ന് നൃത്തം ചെയ്ത തെയ്യക്കോലത്തിനൊപ്പം ജനങ്ങളും ചുവടുവെച്ചു.
മലയാളികളുടെ പ്രിയപ്പെട്ട നാടൻ പാട്ടുകൾ ഒന്നിനുപുറകെ ഒന്നായി ഒഴുകിയെത്തിയതോടെ സദസ്സ് ഇളകിമറിഞ്ഞു.“പൂങ്കുയിലേ പൂങ്കുയിലേ എത്ര നാളാന കാത്തിരുന്നേ" എന്ന പാട്ടിന് സദസ്സിൽ നിന്നും ലഭിച്ച കൈയടി ഫുഡ് കോർട്ടിൽ സജ്ജമാക്കിയ വേദിയെ ആവേശത്തിൽ ആറാടിച്ചു.
"കാളി കരിങ്കാളി അമ്മേ ഭഗവതി", "ആരിയം നെല്ലിന്റെ...", "ഓലന്നാടും പോലെ..." തുടങ്ങിയ പാട്ടുകൾ നാടൻ കലകളുടെ തനിമ ഒട്ടും ചോരാതെ സംഘം അവതരിപ്പിച്ചു.
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയപ്പെട്ട "മിന്നാമിനുങ്ങേ മിന്നും മിനുങ്ങേ", "ഉമ്പായി കുച്ചാണ്ടി" എന്നീ പാട്ടുകളോടെ പരിപാടി സമാപിക്കുമ്പോൾ ചാലിശ്ശേരിക്ക് അത് മറക്കാനാവാത്ത ഒരു നാടൻ കലാരവമായി മാറി. നാടൻ പാട്ടിന്റെ തനത് ഈണങ്ങളും വാദ്യമേളങ്ങളും സമന്വയിച്ച 'ഫോക് വോയിസ്' സരസ് മേളയുടെ മികച്ചൊരു കലാവിരുന്നായി മാറി.


