ചാലിശ്ശേരി: ദേശീയ സരസ് മേളയുടെ ഒമ്പതാം ദിനത്തിൽ കാണികൾക്ക് കലാവിരുന്നൊരുക്കി കുടുംബശ്രീ അംഗങ്ങളുടെ 'പെൺപെരുമ' കലാപരിപാടികൾ. വേദി 2-ലെ അമ്മു സ്വാമിനാഥനിൽ നടന്ന പരിപാടിയിൽ നാഗലശ്ശേരി, ചാലിശ്ശേരി, പട്ടിത്തറ, കപ്പൂർ തുടങ്ങിയ സി.ഡി.എസുകളിൽ നിന്നുള്ള നൂറോളം കുടുംബശ്രീ കലാകാരികളാണ് മാറ്റുരച്ചത്.
വീരനാട്യം, തിരുവാതിരക്കളി, ഭരതനാട്യം, ഫോക്ക് ഡാൻസ്, നാടൻപാട്ട്, ഫ്യൂഷൻ ഡാൻസ് തുടങ്ങി വൈവിധ്യമാർന്ന കലാപരിപാടികളാൽ വേദി സജീവമായിരുന്നു.
ഫ്ലവേഴ്സ് ടോപ് സിംഗർ സീസൺ 5 ഫൈനലിസ്റ്റും, നാഗലശ്ശേരി സ്വദേശിയുമായ ഗൗതമി പ്രശാന്ത് ആലപിച്ച ഗാനങ്ങൾ സദസ്സിൻ്റെ മനസ്സ് കീഴടക്കി. കപ്പൂർ സി.ഡി.എസിൽ നിന്നുള്ള കൊച്ചുകലാകാരി ആത്മിക അവതരിപ്പിച്ച ഭരതനാട്യവും, ഒമ്പതാം ദിനത്തിലെ പ്രധാന ആകർഷണമായി.
കലാപരിപാടികളിൽ പങ്കെടുത്ത മുഴുവൻ അംഗങ്ങളെയും നാഗലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ഡോ. നിഷ, പട്ടിത്തറ സി.ഡി.എസ് ചെയർപേഴ്സൺ ബിന്ദു മുരളീധരൻ എന്നിവർ ചേർന്ന് സ്നേഹോപഹാരം നൽകി ആദരിച്ചു.
കലാവേദിയിൽ ഗാനമാലപിച്ച നാഗലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ഡോ. നിഷയ്ക്ക് കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ നവീൻ സി. ഉപഹാരം സമർപ്പിച്ചു.വേദിയിൽ അരങ്ങേറിയ ഓരോ കലാപരിപാടികളെയും സദസ്സ്
നിറഞ്ഞ കയ്യടികൾ കൊണ്ട് സ്വീകരിച്ചു.


