മോഹൻലാലിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി

 

കൊച്ചി .ഒരു ധനകാര്യ സ്ഥപനത്തിന്റെ പരസ്യത്തിലെ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്ന പരാതിയിൽ നടൻ മോഹൻലാലിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. ബ്രാൻഡ് അംബാസഡർ എന്ന നിലയിൽ നടത്തുന്ന വാഗ്ദാനങ്ങൾ പാലിക്കപ്പെടാത്തതിൽ താരത്തിന് നിയമപരമായ ഉത്തരവാദിത്തമില്ലെന്ന് കോടതി വ്യക്തമാക്കി. 12 ശതമാനം പലിശയ്ക്ക് സ്വർണ്ണവായ്പ നൽകുമെന്ന പരസ്യം വിശ്വസിച്ച് വായ്പയെടുത്ത തങ്ങളിൽ നിന്ന് കമ്പനി ഉയർന്ന പലിശ ഈടാക്കിയെന്ന പരാതിക്കാരുടെ ആക്ഷേപത്തിലാണ് ജസ്റ്റിസ് സിയാദ് റഹ്മാൻ ഉത്തരവിട്ടത്.


പരാതിക്കാരും മോഹൻലാലും തമ്മിൽ നേരിട്ട് യാതൊരു ഇടപാടും നടന്നിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. ഒരു ബ്രാൻഡ് അംബാസഡർ എന്ന നിലയിൽ സ്ഥാപനത്തിൻ്റെ സേവനങ്ങളെ പരിചയപ്പെടുത്തുക മാത്രമാണ് അദ്ദേഹം ചെയ്തത്. പരസ്യത്തിലെ വാഗ്ദാനങ്ങൾ നടപ്പിലാക്കുന്നതിൽ വീഴ്ച സംഭവിച്ചാൽ അതിൻ്റെ പൂർണ്ണ ഉത്തരവാദിത്തം ബന്ധപ്പെട്ട സ്ഥാപനത്തിനാണെന്നും കോടതി ചൂണ്ടിക്കാട്ടി. മോഹൻലാലിനെ കേസിൽ നിന്ന് ഒഴിവാക്കാൻ നേരത്തെ ജില്ലാ-സംസ്ഥാന ഉപഭോക്തൃ കമ്മീഷനുകൾ വിസമ്മതിച്ചിരുന്നു. ഇതിനെതിരെ താരം നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ അനുകൂല വിധി.

Post a Comment

Previous Post Next Post