നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപനം മാര്‍ച്ച് 12 ന് ശേഷമെന്ന് സൂചന


 സംസ്ഥാനത്തെ നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപനം മാര്‍ച്ച് 12 ന് ശേഷമാകുമെന്ന് സൂചന. മാര്‍ച്ച് അഞ്ചിന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറും ആറിനും 11നും ഇടയ്ക്ക്  പ്രധാനമന്ത്രിയും കേരളത്തിലെത്തുന്നുണ്ട്. ഇതിന് ശേഷമാകും പ്രഖ്യാപനം ഉണ്ടാവുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏപ്രില്‍ ആറിനും 12നും ഇടയ്ക്ക് വോട്ടെടുപ്പ് നടന്നേക്കുമെന്നും അല്ലെങ്കില്‍ വിഷുവിന് ശേഷമാകും വോട്ടെടുപ്പെന്നുമാണ് വിലയിരുത്തല്‍. 


തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലാണ് മുന്നണികളെല്ലാം. നിയമസഭാ തിരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി രണ്ട് തവണ വിജയിച്ച  മുഴുവന്‍ സിറ്റിങ് എംഎല്‍എമാരെയും മൂന്നാം തവണയും മല്‍സരിപ്പിക്കാന്‍ സിപിഎം സംസ്ഥാന നേതൃത്വത്തില്‍ ധാരണയായിട്ടുണ്ട്. തുടര്‍ച്ചയായി രണ്ട് തവണ വിജയിച്ച എംഎല്‍എമാരെ സംഘടനാ രംഗത്തേക്ക് തിരികെ കൊണ്ടു വന്ന് ഉറച്ച സീറ്റുകളില്‍ പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കണമെങ്കില്‍ ജില്ലാ സെക്രട്ടറിയേറ്റുകള്‍ക്ക് അക്കാര്യവും  തീരുമാനിക്കാം. മുഖ്യമന്ത്രി ഉള്‍പ്പടെ പിബിയില്‍ നിന്ന ആരൊക്കെ മല്‍സരിക്കണമെന്നതില്‍ ഈ ആഴ്ച നടക്കുന്ന പൊളിറ്റ് ബ്യൂറോ യോഗത്തില്‍ ധാരണയാകും . 


വെള്ളിയും ശനിയും ഡല്‍ഹിയിലാണ് നിര്‍ണായക പിബി യോഗം. പിബിക്കും ജില്ലാ സെക്രട്ടറിയേറ്റുകള്‍ക്കും ശേഷം മാര്‍ച്ച് ആദ്യത്തെയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റില്‍ സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ക്ക് അന്തിമധാരണയാകും. അതിന് ശേഷം സംസ്ഥാന കമ്മിറ്റി ചേര്‍ന്നാവും ഇളവുകള്‍ക്ക് അംഗീകാരം നല്‍കി സ്ഥാനാര്‍ഥി പട്ടിക അന്തിമമാക്കുക.  തിരുവന്തപുരത്ത് ഇന്ന് ചേരുന്ന  ജില്ലാ സെക്രട്ടറിയേറ്റില്‍ തലസ്ഥാനത്ത് ആരൊക്കെ മല്‍സരിക്കണമെന്ന ചര്‍ച്ചകള്‍ നടക്കും. ജില്ലാ സെക്രട്ടറി വി.ജോയി മല്‍സരിക്കണമോ എന്നതില്‍ സംസ്ഥാന നേതൃത്വം നിലപാട് വ്യക്തമാക്കും. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും സംസ്ഥാന സെക്രട്ടറിയേറ്റില്‍ പങ്കെടുക്കുന്നുണ്ട്. ഘടകക്ഷികളുമായുള്ള ഉഭയകക്ഷി ചര്‍ച്ചകളും  സമാന്തരമായി  ഈ ആഴ്ച പൂര്‍ത്തിയാക്കും. 


കോണ്‍ഗ്രസിലാവട്ടെ ആദ്യ സ്ഥാനാര്‍ഥിപ്പട്ടികയില്‍ 40 പേരാണുള്ളത്. 20 സിറ്റിങ് എംഎൽഎമാർ ഉൾപ്പെടെയാണിത്. ഒറ്റപ്പേരിലേക്ക് എത്താൻ കഴിഞ്ഞ മണ്ഡലങ്ങളിലെ പേരുകളും ആദ്യ പട്ടികയിൽ വരും. കെ.മുരളീധരൻ വട്ടിയൂർക്കാവിലും ടി.എൻ.പ്രതാപൻ മണലൂരിലും വി.ടി.ബൽറാം തൃത്താലയിലും കെ.എം.അഭിജിത്ത് നാദാപുരത്തും കെ.പ്രവീൺകുമാർ കൊയിലാണ്ടിയിലും മത്സരിക്കും. സ്ഥാനാർത്ഥി പ്രഖ്യാപനം മാർച്ച് ആദ്യവാരം തന്നെ നടത്താനാണ് ആലോചന. 


അതേസമയം, നിയമസഭാ തിരഞ്ഞടുപ്പില്‍ പരമാവധി 90 സീറ്റുകളില്‍ മല്‍സരിച്ചാല്‍ മതിയെന്ന്  ബിജെപിയുടെ തീരുമാനം. 2016 ല്‍ 98 സീറ്റിലും 2021 ല്‍ 113 സീറ്റുകളിലുമാണ് ബിജെപി മല്‍സരിച്ചത്. ഇത്തവണ ബിഡിജെഎസ്  ചോദിക്കുന്ന സീറ്റുകള്‍ നല്‍കും. മുപ്പതു സീറ്റുകളാണ് അവര്‍ ആവശ്യപ്പെട്ടതെങ്കിലും 35 വരെ നല്‍കും. പുതുതായി എന്‍.ഡി.എ മുന്നണിയിലെത്തിയ ട്വന്‍റി 20 പാര്‍ട്ടിക്ക് പത്തുമുതല്‍ 12 സീറ്റുവരെ നല്‍കും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ അവര്‍ ആറുസീറ്റിലാണ് മല്‍സരിച്ചത്

Post a Comment

Previous Post Next Post