കുന്നംകുളം താലൂക്ക് ആശുപത്രി നിര്‍മ്മാണം മാര്‍ച്ച് 31 നകം; എംഎല്‍എ സന്ദര്‍ശിച്ചു


 കിഫ്ബി പദ്ധതിയില്‍ നിര്‍മ്മിക്കുന്ന കുന്നംകുളം താലൂക്ക് ആശുപത്രി കെട്ടിടം എംഎല്‍എ എസി മൊയ്തീന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ സന്ദര്‍ശിച്ചു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വെച്ച് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജിന്റെ അധ്യക്ഷതയില്‍ ഈ പ്രവൃത്തിയുടെ നിര്‍മ്മാണപുരോഗതി വിലയിരുത്തിയിരുന്നു. നഗരസഭ ചെയര്‍പേഴ്സണ്‍ സൗമ്യ അനിലന്‍, വൈസ് ചെയര്‍മാന്‍ പി ജി ജയപ്രകാശ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍‌മാന്‍മാരായ മിഷ സെബാസ്റ്റ്യന്‍, റ്റി സോമശേഖരന്‍, സൂപ്രണ്ട് ഡോ മണികണ്ഠന്‍, ഇന്‍കെല്‍ പ്രൊജക്ട് എഞ്ചിനീയര്‍ തമ്പി, ഊരാളുങ്കല്‍ സൊസൈറ്റി എഞ്ചിനീയര്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.


നിര്‍മ്മിക്കുന്ന കുന്നംകുളം താലൂക്ക് ആശുപത്രി പുതിയ ബ്ലോക്ക് കെട്ടിടത്തിന്റെ നിര്‍മ്മാണ പുരോഗതി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന പ്രത്യേക യോഗം വിലയിരുത്തി. എംഎല്‍എ എ സി മൊയ്തീന്‍, കിഫ്ബി സീനിയര്‍ ജിഎം ഷൈല, ആരോഗ്യ അഡീ സെക്രട്ടറി സുരേഷ്, ആരോഗ്യമന്ത്രിയുടെ സെക്രട്ടറിമാര്‍, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ മണികണ്ഠന്‍, ഊരാളുങ്കല്‍ എജിഎം ദീപക്ക്, ഡിജിഎം ഗോപകുമാര്‍, ഇന്‍കെല്‍ പ്രൊജക്ട് എഞ്ചിനീയര്‍ തമ്പി തുടങ്ങിയവര്‍ സന്നിഹിതരായി.


1.55 ലക്ഷം ചതുരശ്ര അടിയില്‍ 7 നിലകളിലായാണ് ആധുനിക ചികിത്സ സൗകര്യങ്ങളോട് കൂടിയ കെട്ടിടം വിഭാവനം ചെയ്തിട്ടുള്ളത്. ഗ്രൗണ്ട് ഫ്ലോറിനെ താഴെയുള്ള നിലയിൽ ഇലക്ട്രിക്കൽ സബ്സ്റ്റേഷൻ, എം ജി പി എസ് ബാറ്ററി റൂം, ലാബ്, മോർച്ചറി എന്നിവയും ഗ്രൗണ്ട് ഫ്ലോറിൽ ക്വാഷ്വാലിറ്റി, ട്രയാജ്, ഒബ്സർവേഷൻ റൂം, പ്രൊസീജിയർ റൂം, മൈനർ ഒ ടി,സിടി സ്കാൻ, എക്സ്-റേ, ഡയാലിസിസ് തുടങ്ങിയവയും പ്രവർത്തിക്കും. ഒന്നാം നിലയിൽ ഒ.പി റൂം, ഓർത്തോ, ജനറൽ ഓ പി, ഫീവർ ക്ലിനിക്, ഡെർ മെറ്റോളജി, ഒപ്താൽമോളജി, ജനറൽ സർജറി, ജനറൽ മെഡിസിൻ, ഇ എൻ ടി, പീഡിയാട്രിക്ക്, ഗൈനക്കോളജി തുടങ്ങിയവ പ്രവർത്തിക്കും. രണ്ടാം നിലയിൽ വാർഡുകൾ, ഐസൊലേഷൻ, ഡ്യൂട്ടി റൂം എന്നിവയും മൂന്നാം നിലയിൽ വാർഡുകളും, മെഡിക്കൽ ഐസിയുമാണ് പ്രവർത്തിക്കുക. നാലാം നിലയിൽ ഓപ്പറേഷൻ തിയറ്റർ, പ്രീ ഓ പി റൂമുകൾ, അനസ്തേഷ്യ റൂം , സർജിക്കൽ ഐസിയു എന്നിവ ഉണ്ടായിരിക്കും. അഞ്ചാം നിലയിൽ എ എച്ച് യു (എയർ ഹാൻറിലിംഗ് യൂണീറ്റ്), സി എസ് എസ് ഡി (സെൻ്റെർ സ്റ്ററലൈസിംഗ് സർവ്വീസ് സിപ്പാർട്ട്മെൻ്റ് ) എന്നിവ പ്രവർത്തിക്കും.


76.51 കോടി രൂപ ചിലവില്‍ കിഫ്ബി പദ്ധതി വഴി നിര്‍മ്മിക്കുന്ന താലൂക്ക് ആശുപത്രി കെട്ടിടത്തിന്റെ എസ്.പി.വി ഇന്‍കെല്‍ ലിമിറ്റഡാണ്. വടകര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്കാണ് നിരമ്മാണചുമതല.  


പദ്ധതി പൂര്‍ത്തിയാകുന്നതോടെ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ വിദഗ്ദ ചികിത്സ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാനാകും. എസി മൊയ്തീൻ എംഎല്‍എ മന്ത്രിയായിരിക്കുമ്പോഴാണ് പുതിയ താലൂക്ക് ആശുപത്രി നിർമ്മാണം കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നത്.

Post a Comment

Previous Post Next Post