വടക്കാഞ്ചേരി: കുറാഞ്ചേരി പെട്രോൾ പമ്പിന് സമീപം ഇന്ധന ടാങ്കർ നിയന്ത്രണം വിട്ട് പത്തടി താഴ്ചയിലേക്ക് മറിഞ്ഞു. ഞായറാഴ്ച പുലർച്ചെ 12.15-ഓടെയാണ് അപകടം നടന്നത്. തൃശൂർ ഭാഗത്ത് നിന്നും ചെർപ്പുളശ്ശേരിയിലേക്ക്പോവുകയായിരുന്ന ടാങ്കറാണ് അപകടത്തിൽപ്പെട്ടത്.ലോറിയിലുണ്ടായിരുന്ന 9000 ലിറ്റർ പെട്രോളും 5000 ലിറ്റർ ഡീസലും മറ്റൊരു ടാങ്കറിലേക്ക് സുരക്ഷിതമായി മാറ്റിയതിനാൽ വൻ ദുരന്തം ഒഴിവായി. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.അപകടവിവരമറിഞ്ഞ് വടക്കാഞ്ചേരി പോലീസും അഗ്നിശമനസേനയും ഉടനടി സ്ഥലത്തെത്തി ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചു. അപകടത്തിൽ നിസ്സാര പരിക്കേറ്റ ഡ്രൈവറെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ധനം പൂർണ്ണമായും മാറ്റിയ ശേഷമാണ് നാട്ടുകാരുടെയും അധികൃതരുടെയും ആശങ്കയൊഴിഞ്ഞത്



