കുന്നംകുളം :കുന്നംകുളത്തെ റവന്യൂ സേവനങ്ങൾ കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കുന്നതിനായി നിർമ്മിക്കുന്ന താലൂക്ക് ആസ്ഥാന മന്ദിരനിര്‍മ്മാണം ഫെബ്രുവരിയിൽ നാടിന് സമർപ്പിക്കും.
24 കോടി രൂപ ചിലവില്‍ നിര്‍മ്മിക്കുന്ന കുന്നംകുളം താലൂക്ക് ആസ്ഥാനമന്ദിരത്തിന്റെ അവസാന ഘട്ട നിര്‍മ്മാണ പ്രവൃത്തികള്‍ എ. സി മൊയ്തീന്‍ എംഎല്‍എ സന്ദര്‍ശിച്ച് വിലയിരുത്തി.
എ.സി മൊയ്തീൻ എംഎൽഎ മന്ത്രിയായിരിക്കെ നടത്തിയ ശ്രമഫലമായാണ് കുന്നംകുളം താലൂക്കും താലൂക്ക് ആസ്ഥാനമന്ദിരവും യാഥാര്‍ത്ഥ്യമാകുന്നത്.
കുന്നംകുളം നഗരസഭാ പ്രദേശത്തെ കുറുക്കൻ പാറയിൽ നാലേക്കർ സ്ഥലത്താണ് ആധുനിക രീതിയിലുള്ള താലൂക്ക് ആസ്ഥാന മന്ദിരം പണിയുന്നത്. കെട്ടിടനിര്‍മ്മാണത്തോടൊപ്പം 1.6 കോടി രൂപ ചിലവിൽ ചുറ്റുമതിൽ നിർമ്മാണവും അന്തിമ ഘടത്തിലാണ്. 37,000 ചതുരശ്ര അടിയിൽ അഞ്ചു നിലകളിലാണ് താലൂക്ക് മന്ദിരം നിർമ്മിച്ചിട്ടുള്ളത്. കെട്ടിടത്തിനുള്ളിൽ നിശ്ചിത സ്ഥലത്ത് വിവിധ ഓഫീസുകളെ ഉൾപ്പെടുത്തും. വീഡിയോ കോൺഫറൻസ് ഹാളുമുണ്ടാകും.
താലൂക്ക് ഓഫീസ് പ്രവർത്തനത്തിനു മാത്രം 8500 ചതുരശ്ര അടി സ്ഥലമാണ് ഒരുക്കിയിട്ടുള്ളത്. കെട്ടിടത്തോട് ചേർന്ന് മറ്റൊരു കെട്ടിടത്തിൽ കാൻ്റീനും പ്രവർത്തിക്കും. കോംപൗണ്ടിനുള്ളിൽ പൊതുജനങ്ങൾക്കുപയോഗിക്കാനുള്ള ടോയ്ലറ്റ് ബ്ലോക്കും സജ്ജമാക്കുന്നുണ്ട്.
ആധുനിക രീതിയിലുള്ള കവാടം, പാർക്കിങ്, പൂന്തോട്ടം, ലാൻ്റ് സ്കേപ്പിങ്, രണ്ടാം ഗേറ്റ് എന്നിവയും ആസ്ഥാന മന്ദിരത്തിലൊരുക്കിയിട്ടുണ്ട്.
തലപ്പിള്ളി താലൂക്കിന്റെ ഭാഗമായിരുന്ന 29 വില്ലേജുകള്‍ ഉള്‍പ്പെടുത്തിയാണ് കുന്നംകുളം താലൂക്ക് 2016 ല്‍ രൂപീകൃതമായത്. കക്കാട് മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തനമാരംഭിച്ച താലൂക്കിന് അനുബന്ധമായി ലാന്റ് ട്രിബ്യൂണല്‍ ഓഫീസ്, സിവില്‍ സപ്ലൈസ്, ലീഗല്‍ മെട്രോളജി, സഹകരണ അസി. രജിസ്ട്രാര്‍ ഓഫീസ് തുടങ്ങീ താലൂക്ക് തല ഓഫീസുകളും പുതുതായി നിലവില്‍ വന്നു.
2018 മാർച്ച് 31 ന് മുഖ്യമന്ത്രി പിണറായി വിജയൻ കുന്നംകുളം താലൂക്കിൻ്റെ പ്രവർത്തനോദ്ഘാടനം നിർവ്വഹിച്ചു.
തുടർന്ന് റവന്യൂ വകുപ്പിന്റെ കൈവശമുള്ള കുറുക്കന്‍പാറയിലെ വിശാലമായ, ചാവക്കാട്-വടക്കാഞ്ചേരി സംസ്ഥാനപാതയോട് ചേര്‍ന്ന നാലര ഏക്കറോളം സ്ഥലത്ത് ആധുനിക രീതിയിൽ താലൂക്ക് ആസ്ഥാനമന്ദിരം യാഥാർത്ഥ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു.
2019 ല്‍ ആദ്യഘട്ടമായി സംസ്ഥാന ബജറ്റ് മുഖേനെ 10 കോടി രൂപയും 2022 ല്‍ 10 കോടിയും അനുവദിച്ചു. അന്തിമമായി തയ്യാറാക്കിയ ഡിപിആര്‍ പ്രകാരം 2023 ൽ അധിക തുകയായി 2.422 കോടി രൂപയും വകയിരുത്തി.ആകെ 22.422 കോടി രൂപയാണ് സര്‍ക്കാര്‍ ഈ പദ്ധതിക്കായി അനുവദിച്ചത്.
സിവില്‍ വര്‍ക്കിനോടൊപ്പം ഇലക്ട്രിഫിക്കേഷനും, ലിഫ്റ്റും, ഫയര്‍ഫൈറ്റിംഗ് സംവിധാനങ്ങളും ഉള്‍പ്പെടുത്തി മുഴുവന്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങളും ഒറ്റ ടെണ്ടറില്‍ തന്നെ പൂര്‍ത്തിയാക്കുന്ന 21.20 കോടി രൂപയുടെ കോംപോസിറ്റ് രീതിയാണ് അനുവര്‍ത്തിച്ചത്



