സംസ്കൃത പണ്ഡിതൻ ഡോ. ഇ.എൻ. ഉണ്ണികൃഷ്ണൻ രചിത ആയിരം ശ്ലോകങ്ങളടങ്ങിയ സംസ്കൃത ഗ്രന്ഥം മാതൃവിദ്യാലയത്തിന് സമർപ്പിച്ചു


 പെരിങ്ങോട്: ഒരു ജീവിതകാലത്തെ ഭാഷാപ്രേമത്തിന്റെ സാക്ഷ്യമായി കുട്ടികൾക്കായി ആയിരം സംസ്കൃത സുഭാഷിതങ്ങൾ രചിച്ച ചാലിശ്ശേരി സ്വദേശി സംസ്കൃത പണ്ഡിതനായ ഡോ. ഇ.എൻ. ഉണ്ണികൃഷ്ണൻ പുതുതലമുറക്കായി തയ്യാറാക്കിയ സംസ്കൃത ശ്ലോകങ്ങളുടെ ഗ്രന്ഥം മാതൃവിദ്യാലയമായ പെരിങ്ങോട് സ്കൂളിന് സമർപ്പിച്ചു.


 ബാലസുഭാഷിത സാഹസ്രി എന്ന പേരിലുള്ള ഈ ഗ്രന്ഥം കുട്ടികൾക്കായി തയ്യാറാക്കിയ അപൂർവ സംസ്കൃത സുഭാഷിത ശേഖരമാണിത്.


1973-ൽ സംസ്കൃതം പഠിക്കാനായി ചാലിശ്ശേരി പെരുമണ്ണൂരിൽ നിന്ന് പെരിങ്ങോട് ഹൈസ്കൂളിലെത്തിയ ഉണ്ണികൃഷ്ണൻ. പത്താം ക്ലാസിന് ശേഷവും ഐച്ഛിക വിഷയമായി സംസ്കൃതം തന്നെ തിരഞ്ഞെടുത്ത അദ്ദേഹം, ആ സ്‌നേഹത്തെ ജീവിതയാത്രയാക്കി മാറ്റുകയായിരുന്നു. പിന്നീട് ഡൽഹിയിലെ സെൻട്രൽ സാൻസ്ക്രീറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് നേടിയ അദ്ദേഹം വിവിധ ജില്ലകളിൽ സംസ്കൃതാധ്യാപകനായി സേവനം അനുഷ്ഠിച്ചു. 


തൃശ്ശൂർ ഗവ. ട്രെയിനിംഗ് കോളേജിൽ സംസ്കൃത വിഭാഗം മേധാവിയായാണ് അദ്ദേഹം വിരമിച്ചത്.

അധ്യാപക പരിശീലകനെന്ന നിലയിൽ സമ്പാദിച്ച അറിവും അനുഭവവും പുതിയ തലമുറയ്ക്ക് കൈമാറണമെന്ന ആഗ്രഹമാണ് ഈ പുസ്തക രചനയ്ക്ക് പിന്നിലെ പ്രചോദനമെന്ന് ഡോ. ഉണ്ണികൃഷ്ണൻ പറഞ്ഞു. 


കുട്ടികൾക്ക് എളുപ്പത്തിൽ ഉൾക്കൊള്ളാനാകുന്ന ഭാഷയിൽ ആധുനിക ആശയങ്ങളും മൂല്യബോധവും ചേർത്ത് ഒരുക്കിയ ഈ സുഭാഷിതങ്ങൾ അധ്യാപകർക്ക് കൈപ്പുസ്തകമായും വിദ്യാർത്ഥികൾക്ക് റഫറൻസ് ഗ്രന്ഥമായും ഉപയോഗിക്കാവുന്നതാണ്.

സംസ്കൃതത്തെക്കുറിച്ച് വരുന്ന തലമുറയ്ക്ക് ആഴത്തിൽ മനസ്സിലാക്കാൻ സഹായിക്കുന്ന കൃതിയായിരിക്കും ഇത് എന്ന പ്രതീക്ഷയാണ് സാഹിത്യലോകത്തിനുള്ളത്. 


ഡോ. ഉണ്ണികൃഷ്ണന്റെ എട്ടാമത്തെ പുസ്തകമാണിത്. സംസ്കൃത അധ്യാപകർക്ക് ഗ്രന്ഥം സൗജന്യമായി വിതരണം ചെയ്യുന്നതും ശ്രദ്ധേയമാണ്.

ഏഴ് വർഷത്തെ കഠിന പരിശ്രമത്തിലൂടെയാണ് ആധുനിക സുഭാഷിത ഗ്രന്ഥം അദ്ദേഹം രചിച്ചത്. 


സംസ്കൃതത്തിൽ ഹരിശ്രീക്കുറിച്ച് നൽകിയ മുൻ അധ്യാപിക സാവിത്രിക്ക് നൽകിയാണ് പുസ്തകം സമർപ്പണം നടന്നത്.



പുസ്തകം സംസ്കൃത ഭാഷയ്ക്കുള്ള വലിയ മുതൽക്കൂട്ടാണെന്ന് പെരിങ്ങോട് ഹൈസ്കൂളിൽ ഗ്രന്ഥത്തെ അധികരിച്ച് നടന്ന ചർച്ചയിൽ സംസ്കൃത പണ്ഡിതനും മുൻ ഡയറ്റ് ലക്ചറുമായ വി. വിജയൻ അഭിപ്രായപ്പെട്ടു.



പെരിങ്ങോട് ഹൈസ്കൂൾ പ്രധാനാധ്യാപിക വി. ശ്രീകല അധ്യക്ഷത വഹിച്ചു. 


സ്കൂളിന് അപൂർവമായി ലഭിച്ച സംഭാവനയാണ് ബാലസുഭാഷിത സാഹസ്രി എന്ന ഗ്രന്ഥമെന്ന് അവർ പറഞ്ഞു.




സ്കൂൾ മാനേജർ പൂമുള്ളി മന വാസുദേവൻ നമ്പൂതിരിപ്പാട്, സംസ്കൃത പണ്ഡിതൻ പാഴൂർ ദാമോദരൻ, ഹയർ സെക്കൻ്ററി പ്രിൻസിപ്പൽ സജിത, പി.ടി.എ. പ്രസിഡന്റ് കെ. രാധാകൃഷ്ണൻ, ഗ്രന്ഥശാല പ്രവർത്തകൻ ഡോ. കെ. ജയരാജ്, മുൻ അധ്യാപകൻ എൻ. ചന്ദ്രശേഖരൻ, എം. മണികണ്ഠൻ, ഇ. അബൂബക്കർ, കെ.വി. നിർമ്മല, ടി.എം. ബാലചന്ദ്രൻ, ജനാർദ്ദന വാരിയർ, കെ. ചന്ദ്രൻ, ടി. വിദ്യാധരൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു..

Post a Comment

Previous Post Next Post