കുന്നംകുളം: മദ്യവിൽപ്പന പിടികൂടുന്നതിനിടെ എക്സൈസ് ഉദ്യോഗസ്ഥനെ ഓട്ടോറിക്ഷ ഇടിച്ച് വീഴ്ത്തി പരിക്കേൽപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അരിയാമ്പുറത്ത് വീട്ടിൽ ശ്രീജിത്തിനെ (42) കുന്നംകുളം എക്സൈസ് റേഞ്ച് സംഘം അറസ്റ്റ് ചെയ്തു. പരിക്കേറ്റ സിവിൽ എക്സൈസ് ഓഫീസർ ജിതിൻ കെ.യുവിനെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാവിലെ 10:45-ഓടെ എരനെല്ലൂർ വില്ലേജിലെ മഴുവഞ്ചേരി മത്തനങ്ങാടിയിലായിരുന്നു സംഭവം. റോഡരികിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയിൽ മദ്യം സൂക്ഷിച്ചു വെച്ച് വിൽപ്പന നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് എക്സൈസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം പരിശോധനയ്ക്ക് എത്തിയത്.
എക്സൈസ് സംഘത്തെ കണ്ടതോടെ പ്രതി ഓട്ടോറിക്ഷ മുന്നോട്ട് എടുത്ത് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടയിലാണ് സിവിൽ എക്സൈസ് ഓഫീസർ ജിതിനെ വാഹനം ഇടിച്ച് വീഴ്ത്തിയത്. ജിതിന് സാരമായ പരിക്കേറ്റു. ഉദ്യോഗസ്ഥർ സാഹസികമായാണ് പ്രതിയെ കീഴ്പ്പെടുത്തിയത്.
സംഭവസ്ഥലത്തുനിന്നും മദ്യവും ഓട്ടോറിക്ഷയും എക്സൈസ് കസ്റ്റഡിയിലെടുത്തു. പ്രതിക്കെതിരെ അബ്കാരി നിയമം പ്രകാരം ക്രൈം കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.



