ലഹരിമാഫിയയെ പിടികൂടാൻ സഹായിച്ചതിന് പ്രതികാരം;ആനയ്ക്കലിൽ ഡിവൈഎഫ്ഐ പ്രവർത്തകർക്ക് നേരെ കഞ്ചാവ് സംഘത്തിന്റെ ആക്രമണം.


 ആനയ്ക്കൽ.ഡിവൈഎഫ്ഐ പ്രവർത്തകർക്ക് നേരെ കഞ്ചാവ് മാഫിയയുടെ ക്രൂരമർദ്ദനം. ആക്രമണത്തിൽ കണ്ണിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആനയ്ക്കൽ വകയിൽ വീട്ടിൽ വർഗീസിന്റെ മകൻ ആൻ്റണി (28), കൊട്ടാരപ്പാട്ട് വീട്ടിൽ സജീവന്റെ മകൻ സജീഷ് (39) എന്നിവർക്കാണ് പരിക്കേറ്റത്.

ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. 

ആൻ്റണിയും സജീഷും വരുന്ന വഴിയിൽ മാരകായുധങ്ങളുമായി പതിയിരുന്ന സംഘം ഇവർക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. ആക്രമണത്തിൽ സജീഷിന്റെ തലയിൽ വെട്ടേൽക്കുകയും കണ്ണിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

പോക്സോ, കഞ്ചാവ് കേസുകളിൽ പ്രതികളായ സജീഷ്, അനൂപ് എന്നിവരുടെ നേതൃത്വത്തിലുള്ള ലഹരിമാഫിയാ സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് പരിക്കേറ്റവർ പറയുന്നു. മാസങ്ങൾക്ക് മുൻപ് ഇവരുടെ സംഘത്തിൽപ്പെട്ട അദീപ് എന്ന യുവാവ് ലഹരി ഉപയോഗിച്ച് ഈ മേഖലയിൽ വ്യാപകമായി അക്രമങ്ങൾ നടത്തിയിരുന്നു. അന്ന് ഇയാളെ അറസ്റ്റ് ചെയ്യാൻ പോലീസിനെ സഹായിച്ചത് ഡിവൈഎഫ്ഐ പ്രവർത്തകരായ ആൻ്റണിയും സജീഷുമായിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് ആയുധങ്ങളുമായുള്ള ആക്രമണത്തിന് പിന്നിലെന്ന് കരുതുന്നു. സംഭവത്തിൽ പരിക്കേറ്റവർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.

Post a Comment

Previous Post Next Post