കുറ്റനാട് തൊഴുക്കാട് പ്രദേശത്ത് വീട് കുത്തിത്തുറന്ന് 25 പവൻ സ്വർണം കവർന്ന കേസിൽ രണ്ട് പേർ അറസ്റ്റിലായി. കാസർകോട് പേരിയ സ്വദേശിയായ ഹാഷിം (44), വിദ്യാനഗർ മേലക്കോളനിയിലെ മനോജ് (47) എന്നിവരെയാണ് ഷൊർണൂർ ഡിവൈ.എസ്.പി ഷാജു കെ. തോമസിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. മോഷ്ടിച്ച സ്വർണവും ഇവരിൽ നിന്ന് പൊലീസ് വീണ്ടെടുത്തു.
തൊഴുക്കാട് ഹരിഭവനിൽ സുധീറിന്റെ വീട്ടിലാണ് സംഭവം. വീട്ടുകാർ ആമക്കാവ് പൂരം കാണാൻ പോയ സമയത്തായിരുന്നു കവർച്ച. ഉത്സവ ദിവസങ്ങൾ മുൻകൂട്ടി മനസ്സിലാക്കി പൂട്ടിയ വീടുകൾ ലക്ഷ്യമാക്കി മോഷണം നടത്തുന്നതാണ് സംഘത്തിന്റെ രീതി.
സംഭവദിവസം കാസർകോടുനിന്ന് ട്രെയിനിൽ പട്ടാമ്പിയിലെത്തി തുടർന്ന് ബസ്സിൽ കുറ്റനാട്ടേക്ക് എത്തിയ സംഘം, കവർച്ചയ്ക്കുശേഷം ഉത്സവം കണ്ട് രാത്രി തന്നെ മടങ്ങിയതായി പൊലീസ് വ്യക്തമാക്കി.
ആദ്യഘട്ടത്തിൽ ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമായ തിരിച്ചറിയൽ സാധിക്കാതിരുന്നതിനാൽ യാത്ര ചെയ്ത ബസ്സിലെ ദൃശ്യങ്ങൾ ശേഖരിച്ചാണ് പ്രതികളെ സ്ഥിരീകരിച്ചത്. സംസ്ഥാനത്തിന്റെ വിവിധ സ്റ്റേഷനുകളിൽ ഇവർക്കെതിരെ സമാന കേസുകൾ നിലവിലുണ്ടെന്നും പൊലീസ് അറിയിച്ചു.
ഇരുവരെയും ചൊവ്വാഴ്ച തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കും.



