ഇംഗ്ലണ്ടിനെ പഞ്ഞിക്കിട്ട് സൂര്യയും പിള്ളേരും, അടിച്ചെടുത്തത് 253 റൺസ്

മുംബൈ: ടി20 ലോകകപ്പ് സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് മികച്ച സ്കോർ. 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 253 റൺസാണ് ഇന്ത്യൻ ടീം നേടിയത്. തുടക്കം മുതൽ ആക്രമിച്ചു കളിച്ച സഞ്ജു സാംസന്റെ ഇന്നിങ്സ് ആണ് ഇന്ത്യൻ ടീമിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്. 42 പന്തിലാണ് സഞ്ജു 89 റൺസ് നേടിയത്. എട്ട് ഫോറും ഏഴ് സിക്സും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്സ്.നേരത്തെ, ടോസ് നേടിയ ഇംഗ്ലണ്ട് ഫീൽഡിങ് തെരഞ്ഞെടുക്കുക ആയിരുന്നു. ഓപ്പണറായ അഭിഷേക് ശർമ 7 പന്തിൽ 9 റൺസ് എടുത്തു ആദ്യം പുറത്തായിരുന്നു. തുടർന്ന് ടീമിന്റെ മെയിൻ റോൾ ഏറ്റെടുത്ത സഞ്ജു ഇംഗ്ലണ്ട് ബൗളർമാരെ തലങ്ങും വിലങ്ങും പായിച്ചു. 7.4 ഓവറിൽ ലിയാം ഡേവ്‌സനെ ബൗണ്ടറി പായിച്ചാണ് സഞ്ജു അർധ സെഞ്ച്വറി പൂർത്തിയാക്കിയത്. അതിനിടെ ഇഷാൻ കിഷൻ 18 പന്തിൽ 39 റൺസ് എടുത്തു ടീം സ്കോർ വേഗത്തിൽ ഉയർത്തി.റാഷിദിന്റെ പന്തിൽ കൂറ്റൻ അടിക്കു ശ്രമിക്കുന്നിടെ ജാക്‌സിന്റെ കിടിലൻ ക്യാച്ചിൽ ഇഷാൻ കിഷൻ പുറത്തായി. 89 റൺസുമായി ക്രീസിൽ നിലയുറപ്പിച്ച സഞ്ജുവിനെ ഇംഗ്ലണ്ട് ബൗളർ ജാക്‌സ് വീഴ്ത്തി. ടീം പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന് തോന്നിച്ച ഘട്ടത്തിൽ ക്രീസിലെത്തിയ ശിവം ദുബെ സ്കോറിങ്ങിന്റെ വേഗം കൂട്ടി. 25 പന്തിൽ 43 റൺസ് നേടിയ താരത്തെ ബ്രുക് റൺ ഔട്ട് ആക്കി.തുടർന്ന് കളത്തിലെത്തിയ തിലക് വർമ 7 പന്തിൽ 21 റൺസ് നേടി പുറത്തായി. അർച്ചറിന്റെ പന്തിൽ താരം ബൗൾഡ് ആകുക ആയിരുന്നു. ഹർദിക് പാണ്ഡ്യ 12 പന്തിൽ 27 റൺസ് നേടി. ഇംഗ്ലണ്ടിനായി വിൽ ജാക്‌സ് ആദിൽ റഷീദ് എന്നിവർ രണ്ട് വിക്കറ്റുകൾ നേടി.

Post a Comment

Previous Post Next Post