കൂറ്റനാട്: നെല്ല് സംഭരണത്തിലെ ആവർത്തിച്ചുള്ള വീഴ്ചകൾ സംസ്ഥാന സർക്കാരിന്റെ കർഷകദ്രോഹത്തിന്റെ തെളിവാണെന്ന് കെ.പി.സി.സി വൈസ് പ്രസിഡണ്ട് വി.ടി. ബൽറാം ആരോപിച്ചു. തൃത്താല മണ്ഡലത്തിലെ പരുതൂരും കപ്പൂരുമൊന്നും ഇപ്പോഴും നെല്ല് സംഭരണം പൂർണമായിട്ടില്ലെന്നും എടുത്ത നെല്ലിന് പി.ആർ.എസ് സർട്ടിഫിക്കറ്റ് നൽകുന്നതിൽ വലിയ കാലതാമസം നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് ജില്ലയിലെ നെല്ല് സംഭരണത്തിലെ പ്രശ്നങ്ങൾ മറച്ചുവയ്ക്കാൻ മന്ത്രി എം.ബി. രാജേഷ് അടക്കമുള്ളവർ കപടനാടകം ആടുകയാണെന്നും ബൽറാം വിമർശിച്ചു. ഉൽപാദന ബോണസ് ഇല്ലാതാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കം കർഷകർക്ക് ഇരട്ടപ്രഹരമാണെന്നും അദ്ദേഹം പറഞ്ഞു.
ഉൽപാദനച്ചെലവും അതിന് 50 ശതമാനം ലാഭവും ചേർത്ത് താങ്ങുവില നിശ്ചയിക്കണമെന്ന സ്വാമിനാഥൻ കമ്മീഷൻ ശുപാർശ അടുത്ത യു.ഡി.എഫ് സർക്കാർ നടപ്പിലാക്കുമെന്നും ബൽറാം വ്യക്തമാക്കി.
കൂറ്റനാട് കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കപ്പൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് റഷീദ് കൊഴിക്കര അധ്യക്ഷത വഹിച്ചു. കെ.പി.സി.സി നിർവാഹക സമിതി അംഗം സി.വി. ബാലചന്ദ്രൻ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു.
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഒ.കെ. ഫാറൂഖ്, യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ ടി.കെ. സുനിൽകുമാർ, തൃത്താല ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ. വിനോദ്, ഡി.സി.സി ഭാരവാഹികളായ പി.വി. മുഹമ്മദ് അലി, പി. ബാലൻ, പി. മാധവദാസ്, പി.എ. വാഹിദ്, പി. ബാലകൃഷ്ണൻ, കർഷക കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് എ.പി. ശക്തി, കെ. ഷംസുദീൻ, വി. അബ്ദുള്ളകുട്ടി, ബാവ മാളിയക്കൽ, ഇ.വി. അസീസ്, ടി. സൈതലവി എന്നിവർ സംസാരിച്ചു.
പഞ്ചായത്ത് പ്രസിഡന്റുമാരായ പി.എൻ. അംബിക, റംല വീരാൻകുട്ടി, കെ. ശശി രേഖ, ജയന്തി വിജയകുമാർ എന്നിവർ പങ്കെടുത്തു.



